ആർസിസിയിലെ നിയമന ക്രമക്കേട്; റാങ്ക് പട്ടിക റദ്ദാക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ആർസിസിയിലെ നിയമന ക്രമക്കേടിൽ നടപടിയുമായി ആരോഗ്യവകുപ്പ്. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാൻ ആർസിസിക്ക് നിർദ്ദേശം നൽകി. ചീഫ് നഴ്സിംഗ് ഓഫീസർ ആർ. ശ്രീലേഖയ്ക്കെതിരെ കർശന അച്ചട നടപടി സ്വീകരിക്കാനും നിർദേശം. ആർസിസിയിലെ നിയമന ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് വിടാനും ആരോഗ്യവകുപ്പിന്റെ ശിപാർശ.

ആർ. ശ്രീലേഖയ്ക്കെതിരെ ആർസിസി സർവീസ് ചട്ടമനുസരിച്ചുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അന്തിമ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 319 പേരെയും ഉൾപ്പെടുത്തി വീണ്ടും പരീക്ഷ നടത്തും. സർക്കാർ അംഗീകരിച്ച ആർസിസിക്ക് പുറത്തുനിന്നുള്ള സമിതിയായിരിക്കും പരീക്ഷ നടത്തുക.സമിതിയെ ആർസിസിക്ക് നിശ്ചയിക്കാമെന്നും തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിനെ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചെന്ന് കണ്ടെത്തിയിരുന്നു. എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്കാണ് പട്ടികയിൽ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയിൽ വന്ന ആദ്യ പേരുകാരിൽ അധികവും ചീഫ് നഴ്സിംഗ് ഓഫീസറിന്റെ അടുപ്പക്കാരാണെന്നും ആരോപണം ഉയർ‌ന്നിരുന്നു.