ന്യൂഡൽഹി∙ പാക്ക് അധിനിവേശ കശ്മീരിലെ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾ തുടരുകയാണ്. റാവൽകോട്ടിലെ നഗരത്തിലെ ഈദ്ഗാഹ് മൈതാനത്ത് 80,000ത്തിലധികം പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസം ഒത്തുചേർന്നത്. പ്രതിഷേധത്തിൽ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ പാക്കിസ്ഥാനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു. കശ്മീരികൾക്ക് ആദ്യം ആയുധങ്ങൾ നൽകിയതത് പാക്ക് സൈന്യമാണെന്നും ഇപ്പോൾ അവർ തങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നെന്നും ഖാൻ ആരോപിച്ചു.ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജെയ്ഷെ മുഹമ്മദ് പരിപാടിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘‘ആ പരിപാടിയിൽ എകെ-47 തോക്കുകളും വാളുകളും കൈവശം വച്ച ആയുധധാരികൾ നഗരം വഴി മാർച്ച് നടത്തിയിരുന്നു. ആ റാലിക്ക് റാവലകോട്ടിലെ ഡെപ്യൂട്ടി കമ്മിഷണർ സുരക്ഷ ഒരുക്കുകയും അനുമതി നൽകുകയും ചെയ്തു.ഡെപ്യൂട്ടി കമ്മിഷണർ, ഇവിടെ നിങ്ങൾ തോക്കുകളും വാളുകളും കൊണ്ടുള്ള റാലികൾ സംഘടിപ്പിച്ചിരുന്നു. ഓർമയുണ്ടോ? എന്നിട്ട് ഞങ്ങളെ ഭീകരർ എന്ന് വിളിക്കുന്നോ? ഇവിടെയുള്ള എല്ലാവരും ഈ മണ്ണിന്റെ അവകാശികളാണ്” – അദ്ദേഹം പറഞ്ഞു. വലിയ കയ്യടിയാണ് ജനക്കൂട്ടം സർദാർ അമൻ ഖാനിന്റെ പ്രസംഗത്തിന് നൽകിയത്.
തങ്ങളുടെ 38 ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കിയില്ലെങ്കിൽ പാക്ക് അധിനിവേശ കശ്മീരിൽ നിന്ന് പാക്കിസ്ഥാൻ പൂർണമായും ഒഴിഞ്ഞുപോകണം എന്ന ആവശ്യത്തിലേക്ക് മാറുമെന്നും അമൻ ഖാൻ പാക്ക് സർക്കാരിന് മുന്നറിയിപ്പ് നൽകി.








