എടവണ്ണയിലെ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. തോക്കുകള്‍ ഉപയോഗിച്ചതിന്റെയും തിരകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം. പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍ നിന്നാണ് മൂന്ന് റൈഫിളുകളും 200 ഓളം വെടിയുണ്ടകളുമടക്കം കണ്ടെത്തിയത്.
എടവണ്ണയിലെ വീട്ടിലാണ് 67 വയസ്സുള്ള ഉണ്ണികമ്മദ് തോക്കുകളും വെടിയുണ്ടകളും സൂക്ഷിച്ചിരുന്നത്. വില്പനയും ഉണ്ടായിരുന്നു. രണ്ടു തോക്കുകളും 100 തിരകളും കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ട്. ഇതിന്റെ മറവില്‍ അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിയുണ്ടകളുമാണ് പൊലീസ് കണ്ടെത്തിയത്. മൂന്ന് റൈഫിളുകള്‍ 200 ലധികം വിവിധ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍, 20 എയര്‍ ഗണ്ണുകള്‍, 40 പെലെറ്റ് ബോക്‌സ് എന്നിവ പിടിച്ചെടുത്തു. തോക്കുകള്‍ എത്ര തവണ ഉപയോഗിച്ചു, തിരകളുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കാണ് കോടതിയുടെ സാക്ഷ്യത്തോടെ ഇവ അയയ്ക്കുക.
കോടതിയില്‍ ഹാജരാക്കിയ പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ നിരവധി പേര്‍ക്ക് തോക്കുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. തിരകളും തോക്കുകളും എവിടെ നിന്ന് ലഭിച്ചു എന്നതില്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. എയര്‍ ഗണ്ണുകള്‍ വില്പന നടത്താനുള്ള അനുമതിക്കായി ജില്ലാ കലക്ടര്‍ക്ക് ഉണ്ണികമ്മദ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. വീടിനോട് ചേര്‍ന്ന് ഒരു ഷോപ്പ് പോലെയാണ് എയര്‍ഗണ്‍ വില്‍പ്പന നടത്തിയത് എന്നാണ് നിഗമനം. പാലക്കാട് യുവാക്കളില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതിന് തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് എടവണ്ണയിലെ ആയുധ ശേഖരം പിടികൂടുന്നതിലേയ്ക്ക് എത്തിയത്. ഈ യുവാക്കള്‍ക്ക് വെടിയുണ്ട വിറ്റത് ഉണ്ണിക്കമ്മദാണ്.