◼️അഞ്ചു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്മാരോട് രാജിവയ്ക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്. ഉത്തരാഖണഡ് പിസിസി അധ്യക്ഷന്‍ രാജിവച്ചു. എഐസിസിയുടെ തീരുമാനം രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് വെളിപ്പെടുത്തിയത്.
◼️ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി.
◼️പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സീനേഷന്‍ ഇന്നു മുതല്‍. അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ ഡോസിന്റെ വിതരണവും ഇന്ന് തുടങ്ങും. 2010 മാര്‍ച്ച് 15 ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുക.
◼️രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ സിപിഎമ്മിനും സിപിഐക്കും. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാറാണ് ഒരു സ്ഥാനാര്‍ഥി. ജെഡിഎസും എന്‍സിപിയും എല്‍ജെഡിയും എല്‍ഡിഎഫ് യോഗത്തില്‍ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ സീറ്റ് സിപിഐക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും.
◼️മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിംഗിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാം. മുദ്രവച്ച കവറിനോടു താല്‍പര്യമില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിലപാടെടുത്തു.
◼️ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ കെ റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ആത്മഹത്യാ ഭീഷണി. സ്ഥലത്തെത്തിയ പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. ടയര്‍ കത്തിച്ച് അതില്‍ ചാടുമെന്ന് നാട്ടുകാര്‍ ഭീഷണി മുഴക്കി. അഗ്നിരക്ഷാസേനയടക്കം സ്ഥലത്തെത്തി. തങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
◼️ടാറ്റൂ ലൈംഗിക പീഡനക്കേസ് പ്രതി പി എസ് സുജീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പു നടത്താനാണ് രണ്ടു ദിവസത്തേക്കു കസ്റ്റഡിയില്‍ നല്‍കിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ ഏഴു യുവതികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.
◼️വളാഞ്ചേരിയില്‍ നാലു കോടി നാല്‍പ്പതു ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട. ഇതോടെ ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് പിടിച്ചെടുത്ത കുഴല്‍പ്പണം ഒമ്പതു കോടിയായി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് വളാഞ്ചേരിയില്‍ പണം പിടിച്ചത്. വാഹനത്തില്‍ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. പണം കൊണ്ടുവന്ന വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. റോയ് വയലാട്ട് അടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മോഡലുകളെ മോശം ചിന്തയോടെ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നു കുറ്റപത്രത്തില്‍ ആരോപിച്ചു. കാറോടിച്ച തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്‌മാനാണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്.
◼️കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് കട്ടപ്പനക്കു പോകുകയായിരുന്ന ബസിലാണ് അതിക്രമം നടന്നത്.
◼️അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ച തിരുവനന്തപുരം സ്വദേശിയും പ്രമുഖ സംഘടനാ നേതാവുമായ സ്വാമിക്കെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് യുവതി. പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ തട്ടിക്കളിച്ചെന്നു പരാതിക്കാരിയായ കൊച്ചി തോപ്പുംപടി സ്വദേശിനി. എന്നാല്‍ സ്വാമിയെ മര്‍ദിച്ചെന്ന പേരില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെന്നും യുവതി ആരോപിച്ചു.
◼️പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അച്ഛന് പത്തുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ. ആലപ്പുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എ. ഇജാസാണ് ശിക്ഷ വിധിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ അമ്മ മാനസിക രോഗിയും വികലാംഗയുമാണ്. ആറാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നു. ബന്ധുവായ പൊതുപ്രവര്‍ത്തകയാണ് പീഡനത്തിനെതിരേ പരാതി നല്‍കിയത്.
◼️ഗവണ്‍മെന്റ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കി കാഷ്വാലിറ്റി മൈനര്‍ ഓപ്പറേഷന്‍ തിയറ്ററിലെ മേശയും മറ്റും തകര്‍ത്ത കേസില്‍ ഏഴംഗ സംഘം അറസ്റ്റില്‍. ഏഴോളം കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പടീറ്റതില്‍ വിജിത്ത് (24), ചെമ്പകനിവാസ് വീട്ടില്‍ അക്ഷയ് (21), കാവുംകട വീട്ടില്‍ ശ്രീമോന്‍ (21), കളീയ്ക്കല്‍ വടക്കതില്‍ വിഷ്ണു (26), മുത്തച്ഛന്‍ മുറിയില്‍ വീട്ടില്‍ അരുണ്‍ (22), വൃന്ദാവനം വീട്ടില്‍ മനു (26), പടീറ്റതില്‍ ഗോകുല്‍ ഗോപിനാഥ് (30) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
◼️സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളാണ്.
◼️തൃശൂര്‍ ജില്ലയിലെ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ റാഗിംഗ് മര്‍ദ്ദനം. കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശി ഒന്നാംവര്‍ഷം ബി എ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥി ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആദില്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്തു.
◼️കൊല്ലം കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ പിടിയില്‍. അന്വേഷണത്തിനായി പോയ പൊലീസുദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു. കടയ്ക്കല്‍ പന്തളം മുക്ക് സ്വദേശി കിട്ടു എന്ന് വിളിക്കുന്ന വിപിനാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
◼️കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയില്‍ 18 കാരനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാറാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ പ്രവീണ്‍ കുമാറിനെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരിയുമായി രാജ്കുമാര്‍ പ്രണയത്തിലായതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ്.
◼️തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ – കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സഫ്ന അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയിലെത്തിയത്.
◼️കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ റിവിഷന്‍, തത്സമയ സംശയനിവാരണം ഉള്‍പ്പെടെയുള്ള സംപ്രേഷണം പൂര്‍ത്തിയായി. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് മാര്‍ച്ച് 23 മുതല്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ മാര്‍ച്ച് 22 നുമുമ്പ് സംപ്രേഷണം അവസാനിപ്പിക്കും. പ്ലസ് വണ്ണിന് ഇനി മാര്‍ച്ച് 23 മുതല്‍ മാത്രമേ കൈറ്റ് വിക്ടേഴ്സില്‍ ക്ലാസുകള്‍ ഉണ്ടാകൂ. പുതിയ സമയ ക്രമത്തിലും കൈറ്റ്-വിക്ടേഴ്സില്‍ ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും. എട്ടാം ക്ലാസിന് ഇനിമുതല്‍ രാവിലെ ഏഴര മുതല്‍ നാലു ക്ലാസുകളും ഒമ്പതാം ക്ലാസിന് രാവിലെ ഒമ്പതര മുതല്‍ രണ്ട് ക്ലാസുകളും ആയിരിക്കും. ഏഴാം ക്ലാസിന് രാവിലെ പത്തര മുതലും അഞ്ചിന് 11.30 മുതലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ആറാം ക്ലാസുകള്‍ നേരത്തെ പൂര്‍ണമായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകള്‍ക്ക് യഥാക്രമം 4.30, 3.30, 2.00, 12.30 സമയങ്ങളിലായിരുന്നു ക്ലാസ്.
◼️യുക്രൈനില്‍നിന്ന് 22,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍. സുമിയിലും കാര്‍കീവിലും കനത്ത വെല്ലുവിളികള്‍ നേരിട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് വലിയ ഏകോപനമാണ്. എംബസി ജീവനക്കാര്‍ നടത്തിയത് വലിയ സേവനമാണ്. നയതന്ത്രത്തലത്തില്‍ റഷ്യയുമായും ഇടപെടല്‍ നടത്തിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
◼️പഞ്ചാബില്‍ ഇന്ന് ഭഗവന്ത് മാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാലു ലക്ഷത്തിലേറെ ആളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അമ്പത് ഏക്കര്‍ ഗോതമ്പുപാടത്താണ് ചടങ്ങുകള്‍ക്കുള്ള പന്തല്‍ ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാന്‍ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
◼️പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് 150 ഏക്കര്‍ സ്ഥലത്തെ ഗോതമ്പുപാടത്തെ കൃഷി നശിപ്പിച്ച് താത്കാലിക മൈതാനമൊരുക്കി. ഓരോ ഏക്കറിനും 45,000 രൂപ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ് കര്‍ഷകരില്‍നിന്ന് സ്ഥലം ഏറ്റെടുത്തത്. ധീരരക്തസാക്ഷി ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കര്‍ കലാനില്‍ സത്യപ്രതിജ്ഞാ ചടങ്ങു നടത്താനാണ് ഇത്രയും സ്ഥലത്തെ കൃഷി നശിപ്പിച്ച് പാടം സമ്മേളന നഗരിയാക്കിയത്. സംസ്ഥാനത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കിയിട്ടുമുണ്ട്.
◼️എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വിസസ് ജീവനക്കാര്‍ പണിമുടക്കിയതോടെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസപ്പെട്ടു. എയര്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. 1700 പേരാണ് സമരം തുടങ്ങിയത്. ഇതുമൂലം നിരവധി വിമാന സര്‍വീസുകള്‍ വൈകി. എഞ്ചിനീയര്‍മാര്‍ക്കു തുല്യമായ ശമ്പളം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവരുടെ വേതനം 22000 രൂപയാണ്.
◼️ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള നവ സാക്ഷരത പരിപാടി ജനങ്ങളിലേക്ക് എത്തിക്കാന്‍ മൂന്ന കോടി സന്നദ്ധപ്രവര്‍ത്തകരെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചു വര്‍ഷത്തിനകം നിരക്ഷരായ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനാണു പരിപാടി. ഭാഷ, ഗണിതം എന്നിവയില്‍ അടിസ്ഥാന അറിവ് നല്‍കും. മുതിര്‍ന്നവര്‍ക്ക് വിദ്യാഭ്യാസം എന്ന പഴയ മുദ്രവാക്യത്തിന് പകരം എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നതാണ് പുതിയ മുദ്രവാക്യം.
◼️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു പതിറ്റാണ്ടുകളിലെ ജീവിതം പുതിയ ജീവചരിത്രമായി പ്രസിദ്ധീകരിക്കുന്നു. മോദി@ 20 : ഡ്രീംസ് മെറ്റ് ഡെലിവറി എന്നാണ് പുസ്തകത്തിന്റെ പേര്. ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ഉള്ളടക്കം. ഏപ്രില്‍ പകുതിയോടെ പുസതകം വിപണിയിലെത്തുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത്.
◼️ഹിറ്റായി മാറിയ ബോളിവുഡ് സിനിമ ‘ദ കശ്മീര്‍ ഫയല്‍സി’നെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുറേപേര്‍ രോഷാകുലരാണ്. സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവുമുണ്ട്. എന്നാല്‍ സത്യം പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിനു പ്രയോജനകരമാണെ’ന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. വിവേക് അഗ്നിഹോത്രിയാണ് സംവിധായകന്‍.
◼️യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ അമേരിക്കന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസിന്റെ ക്യാമറാമാന്‍ പിയറി സക്‌സെവ്‌സ്‌കി കൊല്ലപ്പെട്ടു. കീവിന് സമീപമുള്ള ഹൊറെങ്കയില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ സക്രസെവ്സ്‌കി കൊല്ലപ്പെടുകയും സഹപ്രവര്‍ത്തകനായ ബെഞ്ചമിന്‍ ഹാളിന് പരിക്കേല്‍ക്കുകയും ചെയ്തതായി ഫോക്സ് ന്യൂസ് മീഡിയ സിഇഒ സുസെയ്ന്‍ സ്‌കോട്ട് പറഞ്ഞു. റഷ്യന്‍ ആക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
◼️റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്. റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്റെ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വിധി പറയുക. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതിപ്പെട്ടത്.
◼️പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്നു വീണതിനു പുറകെ, ചൈന തങ്ങള്‍ക്കുനേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്വാന്റെ പ്രതിരോധ ഉദ്യോഗസ്ഥര്‍. ഇന്നലെ രാവിലെയോടെയാണ് തായ്വാന്റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങളെ കണ്ടത്.
◼️ദുബൈയില്‍ പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് ആറു ലക്ഷം ദിര്‍ഹം കവര്‍ന്ന സംഘത്തിലെ അഞ്ചു പേര്‍ക്കും അഞ്ചു വര്‍ഷം തടവും അതിനുശേഷം നാടുകടത്തലും ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. വ്യവസായിയുടെ അംഗരക്ഷകനായി ജോലി ചെയ്തിരുന്ന ആഫ്രിക്കക്കാരനും പ്രതികളില്‍ ഉള്‍പ്പെടുന്നു. സിസിടിവി ദൃശ്യങ്ങശളില്‍ നിന്നാണ് അംഗരക്ഷകനും മോഷണത്തില്‍ പങ്കുള്ളതായി മനസിലായത്.
◼️ഈ മാസം ഒരു സൗര കൊടുങ്കാറ്റ് ഭൂമിയില്‍ പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുങ്കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനങ്ങള്‍ നടത്തിയത്.
◼️മഡ്ഗാവിലെ വാസ്‌കോ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ജംഷേദ്പുര്‍ എഫ്‌സിയെ തറപറ്റിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.
◼️കേരളത്തില്‍ ഇന്നലെ 27,465 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 8,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,698 കോവിഡ് രോഗികള്‍. നിലവില്‍ 32,265 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.06 കോടി കോവിഡ് രോഗികളുണ്ട്.
◼️രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു. ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക 6.07 ശതമാനമായിട്ടാണ് ഉയര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ ഉപഭോക്തൃ വില നിലവാരം ഉയര്‍ന്നു വരികയായിരുന്നു. ജനുവരിയില്‍ ഇത് 6.01 ശതമാനമായി. പിന്നീടാണ് ഒരു മാസം കൊണ്ട് ഈ നിലയില്‍ എത്തിയത്. അതേസമയം, മൊത്ത വില സൂചികയും ഉയരുകയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍ മൊത്ത വില സൂചിക 13.11 ശതമാനമായി കുതിച്ചുയര്‍ന്നു. മുന്‍മാസത്തില്‍ ഇത് 12.96 ശതമാനമായിരുന്നു. ഇതിനിടെ, ഇന്ത്യയുടെ കയറ്റുമതി 25.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവളം തുടങ്ങിയ മേഖലകളിലെല്ലാം വര്‍ധന രേഖപ്പെടുത്തി.
◼️2020ലെ ഉല്‍പ്പന്ന അവതരണ പരിപാടിയിലാണ് യുഎസ് ടെക് ഭീമനായ ആപ്പിള്‍, ഐഫോണ്‍ ബോക്സുകളില്‍ നിന്നു ചാര്‍ജറുകള്‍ ഒഴിവാക്കുകയാണെന്നു വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആപ്പിള്‍ നടത്തിയ പ്രഖ്യാപനം ഏറെ പഴികേട്ടിരുന്നു. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു ഇതെന്നു വ്യക്തമാക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍. പദ്ധതി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, ബോക്സില്‍ നിന്ന് ചാര്‍ജിങ് ബ്രിക്ക് നീക്കം ചെയ്തതിലൂടെ ആപ്പിള്‍ അഞ്ചു ബില്യണ്‍ പൗണ്ട് (50,000 കോടിയിലധികം രൂപ) ലാഭിച്ചതായാണ് വിവരം.
◼️ആലിയ ഭട്ട് തന്റെ ജന്മദിനത്തില്‍ ബ്രഹ്‌മാസ്ത്രയിലെ ഫസ്റ്റ് വിഷ്വല്‍സ് പുറത്തുവിട്ടിരിക്കുകയാണ്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരും വൈകാതെ വിവാഹിതരാകും എന്നും റിപ്പോര്‍ട്ടുണ്ട്. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്‌മാസ്ത്ര’. നാഗാര്‍ജുനയും ‘ബ്രഹ്‌മാസ്ത്ര’യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‌മാസ്ത്ര’യുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യുക.
◼️ഷാരൂഖ് ഖാന്‍ പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തമായൊരു ഒടിടി പ്ലാറ്റ്ഫോമാണ് ഷാരൂഖ് ആരംഭിക്കുന്നത്. എസ്ആര്‍കെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. ഷാരൂഖ് ഖാന്‍ തന്നെയാണ് ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നായിരുന്നു ഷാരൂഖ് കുറിച്ചത്. തന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്നെത്തി. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, തുടങ്ങി നിരവധി പേര്‍ നടന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.
◼️പുതുക്കിയ ഫീച്ചറുകളോടെ ടിവിഎസ് ജൂപ്പിറ്റര്‍ ഇസെഡ്എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 80,973 രൂപയാണ് പുത്തന്‍ ജൂപ്പിറ്ററിന്റെ ദില്ലി എക്സ്-ഷോറൂം വില. ഇപ്പോള്‍ മാറ്റ് ബ്ലാക്ക്, കോപ്പര്‍ ബ്രോണ്‍സ് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 7,500 ആര്‍പിഎമ്മില്‍ 5.8 കി.വാട്ട് പരമാവധി പവറും 5,500 ആര്‍പിഎമ്മില്‍ 8.8 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 110സിസി എഞ്ചിന്‍ തന്നെയാണ് സ്‌കൂട്ടറിന്റെ ഹൃദയഭാഗത്തും സ്ഥാനം പിടിച്ചിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, 2 ലിറ്റര്‍ ഗ്ലോവ്‌ബോക്‌സ് മൊബൈല്‍ ചാര്‍ജര്‍, 21 ലിറ്റര്‍ സ്റ്റോറേജ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ മറ്റ് ചില ഹൈലൈറ്റുകളാണ്.
◼️ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍, ഭരണകര്‍ത്താവ്, പണ്ഡിതശ്രേഷ്ഠന്‍ എന്നിങ്ങനെ വിപുലമായ അംഗീകാരം നേടിയിട്ടുള്ള ഡോ. വി.എസ്. ശര്‍മയുടെ ആത്മകഥ. അദ്ദേഹത്തിന്റെ കലാസാഹിത്യപ്രവര്‍ത്തനങ്ങളുടെയും ആത്മീയചിന്തകളുടെയും ദര്‍പ്പണമാണ് ഈ കൃതി. സംശുദ്ധവും മാതൃകാപരവുമായ ഒരു വ്യക്തിജീവിതത്തിന്റെ അനുഭവാഖ്യാനം. ‘ദേവയാനം’. മാതൃഭൂമി. വില 280 രൂപ.
◼️മത്സരാധിഷ്ടിതമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പ്രധാനമായും മാനസിക സമ്മര്‍ദ്ദമാണ് ഇത്തരത്തില്‍ മനുഷ്യരെ പ്രതികൂലമായി ബാധിക്കുന്നത്. ഇത് മനസിനെ മാത്രമല്ല, ശരീരത്തെയും മോശമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ വിരസത, നിരാശ, വിഷാദം, തളര്‍ച്ച എന്നിങ്ങനെയുള്ള വിഷമതകളെല്ലാം നേരിടാം. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാന്‍ ചില പൊടിക്കൈകള്‍ നമുക്ക് പരിശീലിക്കാവുന്നതാണ്. ഒരു കാരണവശാലും ഇങ്ങനെയുള്ള അനുഭവങ്ങളില്‍ കൂടി കടന്നുപോകുന്നവര്‍ ഉറക്കം മാറ്റിവയ്ക്കരുത്. എട്ട് മണിക്കൂറെങ്കിലും തുടര്‍ച്ചയായി, ആഴത്തിലുള്ള ഉറക്കം നേടാന്‍ പതിവായി ശ്രദ്ധിക്കുക. ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ശ്രമവും നടത്തുക. സാമൂഹികമായി സജീവമായി നില്‍ക്കാന്‍ സാധിക്കാത്തവരുണ്ടായിരിക്കും നമുക്കിടയില്‍. ‘ഇന്‍ട്രോവെര്‍ട്ടുകള്‍’ എന്ന് വിളിക്കുന്നവര്‍. അത്തരക്കാര്‍ നിര്‍ബന്ധമായും സ്വകാര്യമായി സമയം ചെലവിടാന്‍ ശ്രദ്ധിക്കുക. ഒറ്റക്ക് ഇരുന്ന് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം. പാട്ട് കേള്‍ക്കുകയോ, നടക്കുകയോ, സിനിമ കാണുകയോ എന്തുമാകാം. സമ്മര്‍ദ്ദങ്ങളകറ്റാനുള്ള ഉപാധികള്‍ തേടാം. ഇത് ഓരോ വ്യക്തിയെയും അനുസരിച്ച് മാറിമറിഞ്ഞിരിക്കാം. യോഗ, വ്യായാമം, നടത്തം എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ‘സ്‌ട്രെസ്’ അകറ്റാന്‍ സഹായകമാണ്. ജോലിക്ക് പുറമെ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ കൂടി വ്യാപൃതരാകാം. സ്വന്തം അഭിരുചിക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ചിത്രരചന, എഴുത്ത്, വായന, ഉദ്യാന പരിപാലനം,, സംഗീതാഭ്യാസം, നൃത്താഭ്യാസം തുടങ്ങി എന്തുമാകാം ഇത്. യാത്ര പോകുന്നതും വിരസതയും മടുപ്പും മാറ്റാന്‍ ഏറെ സഹായകമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെറുതോ വലുതോ ആയ യാത്രകള്‍ ഇടയ്ക്ക് ചെയ്യാം. തനിച്ച് യാത്ര ചെയ്യുന്നത് ഇഷ്ടമാണെങ്കില്‍ അങ്ങനെയും ആകാം. എന്തായാലും യാത്രകള്‍ക്ക് നമ്മുടെ മാനസികാവസ്ഥ മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുണ്ട്.
*ശുഭദിനം*
ആ കൂട്ടുകാര്‍ കാടു കാണാന്‍ പുറപ്പെട്ടു. കാട്ടിലെത്തിയപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: നമുക്ക് രണ്ടായി പിരിഞ്ഞ് ഈ കാട് കാണാം. അവസാനം ഇവിടെ തന്നെ തിരിച്ചെത്താം. അങ്ങനെ അവര്‍ കാടുകാണാന്‍ ഇറങ്ങി. കുറെ നേരം ചുറ്റിക്കറങ്ങി അവര്‍ പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തി. ഒരുമിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. ഒരു കൂട്ടര്‍ പറഞ്ഞു: ഈ കാട്ടില്‍ വലിയ ജീവികള്‍ കൊച്ചുജീവികളെ സൂത്രത്തില്‍ വായിലാക്കുന്നത് ഞങ്ങള്‍ കണ്ടു. അപ്പോള്‍ മറ്റേ വിഭാഗം പറഞ്ഞു: ഞങ്ങള്‍ കണ്ടത് മറിച്ചാ, കൊച്ചു പക്ഷികള്‍ പോലും വമ്പന്‍മാരെ കൊത്തിത്തിന്നുന്നു. അതോടെ അവര്‍ക്ക് ആശയക്കുഴപ്പമായി. രണ്ട് പേരും കണ്ടത് രണ്ടു തരത്തിലാണ്.. എന്താണ് വാസ്തവം? അവര്‍ ഒരുമിച്ച് വീണ്ടും നടക്കാനിറങ്ങി. അവിടെ ഒരു മുതല വായ് തുറന്ന് കിടക്കുന്നു. മുതലയുടെ വായ്ക്കകത്ത് കുറെ കിളികള്‍.. ആദ്യത്തെ ആളുകള്‍ പറഞ്ഞു. കണ്ടില്ലേ ആ വലിയ ജീവി കിളികളെ സൂത്രത്തില്‍ അകത്താക്കുന്നു. അത് കേട്ടപ്പോള്‍ മറ്റേ വിഭാഗം പറഞ്ഞു: ഏത് അത് ശരിയല്ല,. ആ കിളികള്‍ ആ വലിയ ജീവിയെ കൊത്തിത്തിന്നുകയാണ്. ഇത് കേട്ട്‌കൊണ്ട് ഒരു മൂപ്പന്‍ ആ വഴി വന്നു. ആ കാഴ്ച കുറച്ച് നേരം കൂടി നോക്കി നില്‍ക്കാന്‍ അദ്ദേഹം പറഞ്ഞു. കുറച്ച് നേരം കൂടി നോക്കി നിന്നതോടെ അവര്‍ക്ക് ഒരു കാര്യം മനസ്സിലായി. രണ്ടുകൂട്ടരും ധരിച്ചത് തെറ്റാണ്. മുതലയുടെ പല്ലുകള്‍ക്കിടയില്‍ കൊത്തി വൃത്തിയാക്കുകയായിരുന്നു ആ കിളികള്‍,. മുതലപ്പല്ല് വൃത്തിയാവുകയും ചെയ്യും കിളികള്‍ക്ക് വിശപ്പും മാറും. രണ്ടുകൂട്ടരും പരസ്പരം സഹായിക്കുകയാണ്! ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും. ഒറ്റനോട്ടത്തില്‍ ഒന്നും മനസ്സിലാകണമെന്നില്ല, മാത്രല്ല, അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ തീരുമാനത്തിലെത്തുകയും ചെയ്യും. കാണുന്നതെല്ലാം സത്യമാകണമെന്നില്ല, ശരിയായ കാഴ്ചയിലെക്കെത്തിച്ചേര്‍ന്ന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കട്ടെ