സുരക്ഷാ പ്രശ്നം; ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ പങ്കെടുക്കില്ല?

 

ടെഹ്റാന്‍∙ ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് വിവരം. ഇന്ത്യയിലെ, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുല്ല ഹാകിം ഇൻഡ്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞാൻ കഴിഞ്ഞ ആഴ്ച ഇറാനിലായിരുന്നു. അവിടെ വച്ച് മുജ്തബ ഖമനയിയെ കണ്ട ചില സുഹൃത്തുക്കളെ കണ്ടു. അദ്ദേഹം പുറത്തുവരാനും ജനങ്ങളെ കാണാനും ആഗ്രഹിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ സാഹചര്യം അതിന് അനുവദിക്കുന്നില്ല. അദ്ദേഹം പുറത്തുവരുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം പുറത്തേയ്ക്ക് വരില്ലെന്നാണ് എന്റെ തോന്നൽ’’– ഹാകിം പറഞ്ഞു. അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തിയ ശേഷമാവും ഖമനയിയുടെ കബറടക്കം. വിലാപയാത്രയിലടക്കം നിയന്ത്രണങ്ങൾ ഉണ്ടാവും. മൂന്ന്ദിവസം മൃതദേഹം ടെഹ്‌റാനിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം ഷിയാ പുണ്യനഗരങ്ങളിലും ദർശനത്തിനു അവസരമൊരുക്കും. റസാവി ഖൊറാസാൻ പ്രവിശ്യയിലെ ഖമനയിയുടെ ജന്മനാട്ടിലാണ് കബറടക്കം നടത്തുക. ‌