Headlines

ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്പ്; മരണം 2,000 കവിഞ്ഞു, ചൂട് ഇനിയുമുയരും

പാരിസ് ∙ ഉഷ്ണതരംഗംമൂലം കടുത്തചൂടിൽ ഉരുകി യൂറോപ്യൻരാജ്യങ്ങൾ. അത്യുഷ്ണം മൂലം വിവിധരാജ്യങ്ങളിൽ മരണം 2,000 കവിഞ്ഞു. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതോടെ യൂറോപ്പിൽ പ്രതിരോധനടപടികളും മുൻകരുതലുകളും ശക്തമാക്കി.ഫ്രാൻസിന്റെ തെക്കൻ മേഖലയിൽ ഓഡ്, ഇറോ പ്രവിശ്യകളിൽ 2200 ഏക്കറിൽ കാട്ടുതീ പടർന്നു. ആയിരങ്ങളെ ഒഴിപ്പിച്ചു. തൊട്ടടുത്ത ചൊവ്വാഴ്ച പടർന്ന മാർസേയിൽ കാട്ടുതീ അണച്ചതിനു പിന്നാലെയാണിത്. ഗ്രീസിൽ കാട്ടുതീയിൽ 2 പേർ മരിച്ചു. വിവിധ രാജ്യങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കനത്തചൂടിൽ പാളങ്ങൾ വിണ്ടതോടെ ട്രെയിൻ ഗതാഗതം ചിലയിടങ്ങളിൽ മുടങ്ങി. വൈദ്യുതിമുടക്കം സാധാരണ ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ ഹംഗറി, സ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളിൽ 41 ഡിഗ്രിക്കു മുകളിൽ താപനിലയായി.ഒരാഴ്ചയ്ക്കിടെ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില ഉയർന്ന നെതർലൻഡ്സിൽ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ മൂലം 480 പേർ മരിച്ചതായി ഡച്ച് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിലേറെയും 80 വയസ്സിനു മുകളിലുള്ളവരാണ്. ഫ്രാൻസിലും സ്പെയിനിലും 1000 പേർ വീതം മരിച്ചെന്നാണ് കണക്ക്. ശുചീകരണത്തൊഴിലാളികളടക്കം പുറംജോലിയെടുക്കുന്ന നഗരസഭാ ജീവനക്കാർക്ക് താപനില മുന്നറിയിപ്പു നൽകുന്ന ബ്രേസ്‌ലറ്റുകൾ ബാർസിലോന അധികൃതർ വിതരണം തുടങ്ങി. കഴിഞ്ഞയാഴ്ച സ്പെയിനിൽ ശുചീകരണത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ച സാഹചര്യത്തിലാണിത്.

 

അതിനിടെ, ഉഷ്ണതരംഗത്തിനെതിരായ പ്രതിരോധ നടപടികളിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചു ഫ്രാൻസിൽ പ്രതിപക്ഷമായ ഗ്രീൻ പാർട്ടി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനുവിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകി.