കോട്ടയം സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി (പഴയ ചന്ത പള്ളി) യുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജൂലൈ അഞ്ചിന് 11 മണിക്ക് പള്ളിയിൽ നടക്കും. മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.സി.എസ്.ഐ. സഭയിലെ ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, തൊഴിയൂർ സഭയിലെ സിറിൽ മാർ ബസേലിയസ് ഒന്നാമൻ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
വർഗീസ് മാമ്മൻ എം.എൽ.എ., കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ.എം.സി.തോമസ്, ഭദ്രാസന സെക്രട്ടറി റവ.അലക്സ് ഏബ്രഹാം, നഗരസഭാ കൗൺസിലർ മോൻ ജേക്കബ് എന്നിവർ പ്രസംഗിക്കും. മലങ്കര സഭാ വൈദിക ട്രസ്റ്റി ആയിരുന്ന താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരുടെ നേതൃത്വത്തിൽ നിർമിച്ച് 1906 ഡിസംബർ 29ന് തീത്തൂസ് പ്രഥമൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത കൂദാശ ചെയ്തതാണ് പഴയചന്ത പള്ളി എന്ന് അറിയപ്പെടുന്ന കോട്ടയം സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി.
ഒരു വർഷം നീണ്ട ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വേദപുസ്തക പാരായണം, ആദ്യകാല ഇടവകാംഗങ്ങളുടെ സംഗമം, എക്യുമെനിക്കൽ വനിതാ സംഗമം, മുൻ കാല ഗായക സംഘാംഗങ്ങളുടെ ഒത്തുചേരൽ, ഭവന നിർമാണം, ഡയാലിസിസ് കിറ്റ് വിതരണം തുടങ്ങി സ്നേഹക്കൂട് മുതൽ സ്നേഹാർദ്രം വരെ പേരിട്ട ഒട്ടേറെ പരിപാടികൾ നടന്നു. ദേവാലയ നവീകരണത്തിനൊപ്പം രജത ജൂബിലി കെട്ടിടം, അറുത്തൂട്ടി കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും നിർമിക്കുമെന്ന് വികാരി റവ. ഡോ. ജോ ജോസഫ് കുരുവിള, സെക്രട്ടറി കുര്യൻ തോമസ്, ജനറൽ കൺവീനർ നോബിൾ തോമസ് എന്നിവർ അറിയിച്ചു.








