നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഉമ തോമസ് എംഎൽഎ. അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിതാവിന്റെ വേദനയോടെ അന്ന് പിടി തോമസ് ഉറങ്ങിയിരുന്നില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം അതിജീവിതയ്ക്ക് നൽകിയത് അദേഹമാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സമ്മർദങ്ങളുണ്ടായിരുന്നു. മൊഴി കൊടുക്കരുതെന്ന് പറഞ്ഞവർ വരെയുണ്ട്. കൂട്ടി പറയാൻ തയാറല്ലെന്നും എന്നാൽ കുറച്ചു പറയാൻ തയാറല്ലെന്നായിരുന്നു അന്ന് പിടി തോമസ് നൽകിയ മറുപടിയെന്ന് ഉമ തോമസ് പറഞ്ഞു. പിടി തോമസിനെ അപായപ്പെടുത്താനുള്ള നീക്കം വരെയുണ്ടായിരുന്നു. കുറ്റാരോപിതരിൽ പ്രമുഖർ രക്ഷപ്പെട്ടേക്കാമെന്ന ആശങ്ക അതിജീവിതയ്ക്ക് ഉണ്ട്. തനിക്കും ഇതേ ആശങ്കയുണ്ട്. ജുഡീഷ്യറിയെ വിശ്വസിക്കുന്നതിനാൽ ആശങ്കയകലുമായിരിക്കാമെന്ന് ഉമ തോമസ് പറഞ്ഞു. വിധി അനുകൂലമായിട്ട് എത്തിയാൽ സത്യം ജയിച്ചു എന്ന് കരുതാമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
കേസ് ഇവിടെ അവസാനിക്കുമെന്ന് തോന്നുന്നില്ല, അപ്പീലുമായി മുന്നോട്ടു പോകുമെന്നതിൽ സംശയമില്ലെന്ന് ഉമ തോമസ് പറഞ്ഞു. പിടി തോമസ് ഇടപെട്ടില്ലായിരുന്നെങ്കിൽ കേസ് ഇത്രത്തോളം എത്തില്ലായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. കേരളക്കരയെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് നിയമവഴിയിലേക്ക് എത്തിയതിൽ നിർണായകമായത് തൃക്കാക്കര മുൻ എംഎൽഎ പിടി തോമസിന്റെ ഇടപെടലാണ്. സിനിമാ മേഖലയിലെ ഒരു സംഭവം എന്ന നിലയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷിതമായെത്തിയ പിടി തോമസിന്റെ ഇടപെടൽ പ്രതികളുടെ കണക്കുകൂട്ടലും തെറ്റിച്ചു. അർബുദത്തോട് പോരാടുമ്പോഴും അണുവിട കുലുങ്ങാതെയാണ് നീതിക്കായി പിടി തോമസ് നിലകൊണ്ടത്.
അതിക്രമത്തിന് പിന്നാലെ നടിയെ കണ്ട ആദ്യത്തെ ആളുകളിൽ ഒരാളായിരുന്നു പിടി തോമസ്. കേസിൽ പിന്നീട് അങ്ങോട്ട് നടന്നത് നിർണായക മണിക്കൂറുകളാണ്. വീട്ടിലെത്തിയ പിടിയോട് ലാൽ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ നടിയുടെ ഡ്രൈവറുടെ നീക്കങ്ങളിലും പി ടി സംശയമുയർത്തി. അന്വേഷണ ഘട്ടത്തിൽ പലരും മൊഴി മാറ്റിയപ്പോൾ പിടി തോമസ് നടിക്കായി നിലകൊണ്ടു.







