അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ സൈന്യം. മേഖലയിൽ ചൈനീസ് ക്യാംപുകൾ സ്ഥാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. നാഹ് വെൽഫെയർ സൊസൈറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് ഇത് സംബന്ധിച്ച് പരാതി നൽകി എന്നുമായിരുന്നു ചൈനീസ് സൈന്യം കടന്നുകയറ്റം സംബന്ധിച്ച റിപ്പോർട്ട്. കഴിഞ്ഞ 15 വർഷത്തോളമായി ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അതിർത്തി ഗ്രാമങ്ങളിൽ ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറ്റവും നടത്തുന്നതായി പരാതി ഉയർന്നതായാണ് റിപ്പോർട്ടുകൾ. “ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ അടുത്തിടെ കടന്നുകയറ്റം നടത്തിയതായും ക്യാമ്പുകൾ സ്ഥാപിച്ചതായും ആരോപിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ദയിൽപ്പെട്ടു. ഈ റിപ്പോർട്ടുകൾ തെറ്റും അടിസ്ഥാനരഹിതവുമാണ്,” ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.വടക്കുകിഴക്കൻ സംസ്ഥാനത്തെ അപ്പർ സുബാൻസിരി ജില്ലയിൽ ചൈനീസ് സൈന്യം കയ്യേറ്റങ്ങൾ നടത്തിയതായി പ്രാദേശിക സംഘടനകൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് കടന്നകയറ്റം മൂലം പ്രദേശത്ത് തങ്ങളുടെ കന്നുകാലികളെ മേയുന്നത് ബുദ്ധിമുട്ടാണെന്ന് നാഹ് ഗോത്ര സമൂഹം ഉന്നയിച്ച ആശങ്കകളെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ടുകൾ.






