കൊച്ചി∙ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ നാട്ടുകാരെ വഴിയിൽ തടഞ്ഞിട്ടു ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കു ശക്തമായ താക്കീതുമായി പൊലീസ് ഉന്നതർ. ഈ പ്രവണത കർശനമായി നിയന്ത്രിക്കണമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫിസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും ചില ഉദ്യോഗസ്ഥർ ഇടതു ഭരണകാലത്തെ പോലെ മുഖ്യമന്ത്രിക്കായി വഴി തടയുന്നതു തുടരുകയാണെന്നു കണ്ടെത്തിയതോടെയാണ് ഇടപെടൽ.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ നിന്ന് എയർപോർട്ടിലേക്കു മുഖ്യമന്ത്രി യാത്ര ചെയ്യവേ പൊലീസ് അനാവശ്യമായി റൂട്ട് ബന്തവസ് ഏർപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു വയർലെസ് മുഖേന കർശന നിർദേശം നൽകേണ്ടി വന്നു. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ടു പൊതുജനത്തെ അനാവശ്യമായി വഴിതടയുന്നു എന്ന പരാതി ഉണ്ടാകരുതെന്നും ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ മാത്രം ഒരുക്കിയാൽ മതി എന്നുമായിരുന്നു കമ്മിഷണറുടെ വയർലെസ് സന്ദേശം.ഇടത് ആഭിമുഖ്യമുള്ള ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും റോഡുകൾ അടച്ചിട്ടും ജനത്തെ വലയ്ക്കുന്നതെന്ന ആരോപണം ശക്തമാണ്. തന്റെ വാഹന വ്യൂഹത്തിൽ എസ്കോർട്ടും പൈലറ്റും മാത്രം മതിയെന്നു സതീശൻ ചുമതലയേറ്റതിനു പിന്നാലെ ഡിജിപിക്കു നിർദേശം നൽകിയിരുന്നു. ഇതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും കയ്യടി നേടാനുമുള്ള നിർദേശം മാത്രമായിരുന്നു എന്നു വരുത്തിത്തീർക്കുകയാണ് അനാവശ്യ നിയന്ത്രണങ്ങൾക്കു പിന്നിലെ ഗൂഢലക്ഷ്യമെന്നാണു വിവരം.ആശാസ്യമല്ലാത്ത ഈ പ്രവണതയെപ്പറ്റി മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും ഡിജിപിക്കും ഉൾപ്പെടെ വിവരം നൽകിയിരുന്നു. ഇതോടെയാണു ശക്തമായ ഇടപെടൽ ഉണ്ടായത്.






