കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചത്. 1985 ജൂണ്‍ 23-നാണ് എയര്‍ ഇന്ത്യ കനിഷ്‌ക വിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത്. 329 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. (Canada acknowledges Khalistani role in 1985 Air India bombing)
കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണത്തിനു പിന്നില്‍ എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാനഡ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചിരിക്കുന്നത്. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ഇതാദ്യമായാണ് വിവരം സ്ഥിരീകരിക്കുന്നത്. ടൊറന്റോയില്‍ നിന്നും മുംബയ്ക്ക് വരികയായിരുന്ന വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വച്ചാണ് തകര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനുള്ള പ്രതികാരമായി ഖാലിസ്ഥാന്‍ ഭീകരരാണ് ബോംബ് ആക്രമണം നടത്തിയത്.സിഎസ്‌ഐഎസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഭീകരവാദത്തിന്റെ ഇരയായി കൊല്ലപ്പെട്ടവരുടെ ഓര്‍മദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു ഈ തുറന്നുപറച്ചില്‍. നാല് പതിറ്റാണ്ടോളമായി രാഷ്ട്രീയവു മതപരവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാള്‍ പ്രേരിതമായ ആക്രമണങ്ങളില്‍ നിന്ന് സിഎസ്‌ഐഎസ് കനേഡിയന്‍ ജനതയെ സംരക്ഷിച്ച് വരികയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 1985 ല്‍ നടന്നത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നുവെന്നും പോസ്റ്റ് അടിവരയിടുന്നു.






