Headlines

‘എല്ലാം സെറ്റാണ്, കസ്റ്റംസ് കൂടെയുണ്ട്?’; സ്വര്‍ണക്കടത്ത് നടത്തിയത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി

 

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. സ്വര്‍ണക്കടത്ത് നടത്തിയത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം മൊഴി നല്‍കി. ഒന്നരക്കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണമാണ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. (gold smuggling case accused says customs take part in their crime)

 

 

ഇന്നലെയാണ് പൊലീസ് അസ്ലമിന്റെ പക്കല്‍ നിന്ന് 1165 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ഈ സ്വര്‍ണം പത്ത് കട്ടികളായാണ് കടത്താന്‍ ശ്രമിച്ചത്. റിയാദില്‍ നിന്ന് എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. കസ്റ്റംസിന്റെ പരിശോധനയില്‍ ഇത് കണ്ടെത്തിയില്ലെങ്കിലും പിന്നീട് പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തുകയായിരുന്നു.തന്നെ സ്വര്‍ണം ഏല്‍പ്പിച്ചയാള്‍ വിമാനത്താവളത്തില്‍ എല്ലാം സെറ്റാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നാണ് അസ്ലമിന്റെ മൊഴി. കസ്റ്റംസ് പരിശോധനയില്‍ ഒന്നും പേടിക്കേണ്ടെന്നായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നും ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ കസ്റ്റംസിന്റെ പങ്ക് എത്രത്തോളമെന്നും മൊഴി വിശ്വാസയോഗ്യമാണോ എന്നും വിശദമായ പരിശോധനകള്‍ നടന്നാല്‍ മാത്രമേ പറയാന്‍ സാധിക്കൂ.