ഇഷ്ടമുള്ള സമയത്ത് പോയി തമാശയൊക്കെ പൊട്ടിച്ച് ഒരു റിലാക്സേഷൻ ടൈമാണ് പലർക്കും ഓഫിസ് ലഞ്ച് ടൈം. ജോലിയിലെ സമ്മർദ്ദമൊക്കെ ലഞ്ച് ടേബിളിൽ ഇറക്കിവച്ച് പുതിയൊരു വൈബോടെയാകും ലഞ്ചിന് ശേഷം പലരും ജോലിക്ക് തിരികെ കയറുന്നത്. അങ്ങനെയുള്ളവർ എത്രയോ ഭാഗ്യം ചെയ്തവർ എന്ന് തോന്നും ഇനി പറയുന്ന കമ്പനി നോട്ടിസ് കണ്ടാൽ.
”30 മിനുട്ടിന്റെ ലഞ്ച് ബ്രേക്കിൽ അധികമെടുക്കുന്ന ഓരോ മിനുട്ടിനും 6 മണിക്ക് ശേഷം വേതനമില്ലാത്ത അധിക 60 മിനുട്ട് ഫോക്കസ് ടൈം കമ്പനിക്കായി നൽകേണ്ടി വരും. ഉദാഹരണമായി, 31 മിനുട്ട് ലഞ്ച് ടൈമെന്നാൽ വൈകുന്നേരം 7ന് ശേഷം മാത്രം ഓഫിസ് വിടാം എന്നർഥം” നോട്ടീസിൽ പറയുന്നത് ഇങ്ങനെ.
നോട്ടീസ് കണ്ടിട്ട് ആഹാഹാ എത്ര മനോഹരമായ ആചാരങ്ങൾ എന്ന് തോന്നിയോ. എന്നാൽ ഈ നോട്ടിസ് സത്യമാണ്. സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലായതോടെ തൊഴിൽ സംസ്കാരത്തെക്കുറിച്ചും ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചുമൊക്കെ വ്യാപകമായ ചർച്ചകൾ തുടങ്ങി. പ്രസ്തുത കമ്പനിയുടെ ലഞ്ച് ബ്രേക്കും ഓവർ ടൈമുമായി ബന്ധമുണ്ട്. കമ്പനി ജീവനക്കാർക്ക് നൽകിയിരിക്കുന്നത് 30 മിനുട്ട് അഥവാ അര മണിക്കൂർ ലഞ്ച് ബ്രേക്ക്. കന്പനി ഏതെന്ന് നോട്ടിസിൽ വ്യക്തമല്ല. പക്ഷേ നോട്ടിസ് പറയുന്നത് അര മണിക്കൂർ കഴിഞ്ഞ് അധികം എടുക്കുന്ന ഓരോ മിനുട്ടിനും ഒരു മണിക്കൂർ ഓവർ ടൈം ചെയ്യേണ്ടിവരുമെന്നാണ്.
എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് നോട്ടീസ് വൈറലായത്. പെട്ടെന്ന് തന്നെ ഉപയോക്താക്കൾ ഇതുപോലൊരു നോട്ടിസിന്റെ ധാർമികതയെയും നിയമസാധുതയെയുമൊക്കെ ചോദ്യം ചെയ്ത് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഓഫിസ് സമയത്തിന് പുറമേ ജോലി ചെയ്യുന്ന ഓരോ മിനുട്ടിനും ഒരു മണിക്കൂർ വേതനം ജീവനക്കാർ ആവശ്യപ്പെടണമെന്നാണ് ഒരു രസികന്റെ പ്രതികരണം. തൊഴിലിടങ്ങളിലെ ഇത്തരം നയങ്ങളാണ് വർക് ഫ്രം ഹോമിനൊക്കെ മുൻഗണന നൽകാൻ കാരണമെന്ന് മറ്റൊരാൾ പറയുന്നു.
ഓഫീസ് സമയങ്ങളിൽ കുറച്ച് അച്ചടക്കം പാലിക്കുന്നത് നല്ലതാണെന്നാണ് മറ്റൊരു പക്ഷം പറയുന്നത്. നോട്ടിസിന്റെ ആധികാരികതയും ചിലർ ചോദ്യം ചെയ്യുന്നു. ഇതുള്ളതാണോ അതോ ഉണ്ടാക്കിയെടുത്തതാണോ എന്നാണ് ചിലർ ചോദിക്കുന്നത്. നോട്ടീസിൽ കമ്പനിയുടെ പേരില്ലാത്തതും ചിലർ ചോദ്യം ചെയ്യുന്നു.







