Headlines

ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് പൊളിക്കൽ; സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കൽ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

 

എറണാകുളം വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കൽ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചെന്നൈ ആസ്ഥാനമായ പി കെ യുണീക് കമ്പനിയുടെ ഹർജിയിലാണ് നടപടി. കുറഞ്ഞ ടെൻഡർ തുക നൽകിയ തങ്ങളെ ഒഴിവാക്കി എന്നാണ് കമ്പനിയുടെ വാദം. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി.

 

 

പൊളിക്കലിന് മുന്നോടിയായുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന് തുടരാമെന്ന് ഡിവിഷൻ ബെഞ്ച് നിർ‍ദേശിച്ചു. 26 നിലയുള്ള രണ്ട് ടവറുകളാണ് പൊളിച്ച് നീക്കുന്നത്. പ്രവൃത്തി പരിചയത്തിൽ ഒന്നാം സ്ഥാനം എഡിഫെയ്സിനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്. ‘ബി’, ‘സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നത്. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.ഫ്‌ളാറ്റുകളുടെ നിർമാണം ശരിയായിട്ടല്ല, താമസയോഗ്യമല്ല, കോൺക്രീറ്റ് അടർന്നുവീഴുന്നു എന്നിങ്ങനെ നിരവധി പരാതികളായിരുന്നു ഉയർന്നിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് പരാതി ഉന്നയിച്ചത്. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയാണ് അപ്പാർട്ട്മെൻ്റുകൾ നിർമ്മിച്ചത്. മൂന്ന് ടവറുകളിലായി 264 അപ്പാർട്ടുമെൻ്റുകളാണ് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ സൊസൈറ്റിക്കുള്ളത്.