Headlines

ഫേസ്ബുക്കില്‍ വരുന്നു പുതിയ എഐ ഫീച്ചേഴ്‌സ്; പബ്ലിക് പോസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ എഐ കണ്ടെത്തി പറഞ്ഞുതരും

 

കൂടുതല്‍ എഐ ഫീച്ചേര്‍ഴ്‌സ് ഫേസ്ബുക്കില്‍ അവതരിപ്പിക്കാന്‍ മെറ്റ. ഗൂഗിള്‍ സെര്‍ച്ചിലും മറ്റും കാണുന്നതുപോലുള്ള ‘ എഐ മോഡ്’ സെര്‍ച്ച് ഫീച്ചറുകളും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള എഐ ടൂളുകളും ഇനി മുതല്‍ ഫേസ്ബുക്കില്‍ ലഭ്യമാകുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മെറ്റ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. (Meta Rolls Out ‘AI Mode’ For Facebook)

 

 

‘എഐ മോഡ്’

 

ഏതാണ്ട് ഗൂഗിള്‍ ക്രോമിലുള്ള എഐ സെര്‍ച്ച് മോഡിനോട് സമാനമാണ് ഫേസ്ബുക്കിനായി മെറ്റ അവതരിപ്പിക്കുന്ന എഐ മോഡും. ഉപോക്താക്കള്‍ കൊടുക്കുന്ന സ്പഷ്ടമായ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ടെയ്‌ലര്‍ റെസ്‌പോണ്‍സുകളും അതിലൂന്നിക്കൊണ്ടുള്ള സംഭാഷണങ്ങളും അനുവദിക്കുന്നതാണ് ഗൂഗിളിന്റെ എഐ മോഡ്. സമാനമായി നമ്മുടെ ചോദ്യങ്ങളും അന്വേഷണങ്ങളും ഫേസ്ബുക്കിലെ എഐ മോഡ് ഓപ്ഷനില്‍ ചോദിചച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടി മറ്റ് വിവരങ്ങള്‍ ക്രോഡീകരിച്ച് എഐ മറുപടി നല്‍കും.ഇവിടെയാണ് ഒരു ശ്രദ്ധേയമായ വ്യത്യാസം കടന്നുവരുന്നത്. ഗൂഗിള്‍ എഐ മോഡില്‍ മറ്റ് ഗൂഗിള്‍ പേജുകളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് മറുപടി നല്‍കുമ്പോള്‍ ഫേസ്ബുക്ക് എഐ മോഡില്‍ ഫേസ്ബുക്ക് പബ്ലിക് പോസ്റ്റുകളില്‍ നിന്നും പേജുകളില്‍ നിന്നും എന്തിന് റീലുകളില്‍ നിന്ന് വരെ വിവരങ്ങള്‍ സ്വാംശീകരിച്ച് നല്‍കാന്‍ എഐയ്ക്ക് സാധിക്കും. പക്ഷേ അതിന് ഒരു വലിയ കുഴപ്പം കൂടിയുണ്ട്. വെരിഫൈ ചെയ്ത ഡാറ്റ മാത്രമല്ല ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുക. ഏതൊരു പബ്ലിക് പോസ്റ്റില്‍ നിന്നുള്ള വിവരങ്ങളും എഐ നിങ്ങള്‍ക്ക് പറഞ്ഞുതന്നേക്കാം. അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചുകൊണ്ടാകില്ല വിവരങ്ങള്‍ നിങ്ങളുടെ കൈയിലെത്തുകയെന്ന് സാരം. അതിനാല്‍ ഉപയോക്താക്കള്‍ ശ്രദ്ധാലുക്കളായിരിക്കണം. നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.എഐ എഡിറ്റ്

 

നിങ്ങള്‍ പോസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും കൊളാഷുകളും മറ്റും നിര്‍മിക്കാനും ട്രാന്‍സിഷന്‍ എഫക്ട്‌സ് നല്‍കാനും പുതിയ ടൂളിലൂടെ സാധിക്കും. കുറച്ച് ഫണ്‍ ഫീച്ചേഴ്‌സും മെറ്റ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. നമ്മുടെ മുറിയുടെ നിറം, ആകൃതി, നമ്മുടെ വസ്ത്രങ്ങള്‍, ആക്‌സസറീസ് എന്നിവ മാറ്റാനും വിവിധ സ്റ്റെലുകള്‍ പരീക്ഷിക്കാനും എഐ എഡിറ്റ് കൊണ്ട് സാധിക്കും.