വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയ; ഉത്തരവിട്ട് സുപ്രീംകോടതി

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. രണ്ട് സര്‍വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണമെന്നും വ്യക്തമാക്കി.

ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്നും ഇല്ലെങ്കില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ തുല്യത പാലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ചെയര്‍പേഴ്‌സണ്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും. ചെയര്‍പേഴ്സണിന് ഓരോ സിറ്റിങ്ങിനും 3 ലക്ഷം രൂപ ഓണറേറിയം നല്‍കണം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് വിസി നിയമനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നതിനായി പരസ്യം പ്രസിദ്ധീകരിക്കണം. സഹകരിച്ച് മുന്‍പോട്ടു പോകാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല പറഞ്ഞു.

സര്‍ക്കാരും ചാന്‍സിലറും നല്‍കിയ പട്ടികയില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ രണ്ട് സര്‍വകലാശാലകള്‍ക്കു മായുള്ള കമ്മിറ്റി രൂപീകരിക്കും. രണ്ടു പേര്‍ ചാന്‍സിലറുടെ നോമിനി, രണ്ടുപേര്‍ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ഒന്നിച്ചോ പ്രത്യേകം പ്രത്യേകമോ കമ്മിറ്റി രൂപീകരിക്കാം എന്നും കോടതി വ്യക്തമാക്കി.