Headlines

‘വരവറിയിച്ച് ഓസീസ്’; പ്രതിരോധ കോട്ട തീർത്ത തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ

 

ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് തുർക്കിയയെ തോൽപ്പിച്ചു. ഓസ്‌ട്രേലിയക്കായി നെസ്റ്റോറി ഇരങ്കുണ്ട (27′), കോണർ മെറ്റ്കാഫ് (75′) എന്നിവരാണ് ഗോൾ നേടിയത്. 24 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ തുർക്കിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. 72 ശതമാനം പൊസഷനുമായി കളിച്ച തുർക്കി, ഓസ്‌ട്രേലിയൻ ഗോൾമുഖത്തേക്ക് മുപ്പതോളം ഷോട്ടുകളാണ് ഉതിർത്തത്. ആർദ ഗുലെർ നയിച്ച തുർക്കി ആക്രമണ നിര നിരന്തരം പരീക്ഷിച്ചെങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.

 

 

27-ാം മിനിറ്റിൽ പോൾ ഒകോൺ നൽകിയ തകർപ്പൻ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ഇരുപതുകാരൻ നെസ്റ്റോറി ഇരങ്കുണ്ട, തുർക്കി പ്രതിരോധ താരം മെരിഹ് ഡെമിറലിനെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. കളി അവസാനിക്കാൻ 15 മിനിറ്റ് ബാക്കിനിൽക്കെ തുർക്കിയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് മിഡ്‌ഫീൽഡിൽ നിന്ന് പന്തുമായി ഒറ്റക്ക് കുതിച്ച കോണർ മെറ്റ്കാഫ് രണ്ടാം ഗോളും നേടി.

 

കോച്ച് ടോണി പോപോവിച്ച് ആവിഷ്കരിച്ച തന്ത്രപരമായ പ്രതിരോധവും മിന്നൽ കൗണ്ടർ അറ്റാക്കുകളുമാണ് ഓസ്‌ട്രേലിയക്ക് തുണയായത്. ഓസ്ട്രേലിയൻ ഗോല്‍ കീപ്പര്‍ പാട്രിക് ബീച്ചിന്‍റെ മിന്നും സേവുകളും ജയത്തില്‍ നിര്‍ണായകമായി. തുര്‍ക്കി ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബീച്ചിന്‍റെ കൈക്കരുത്തില്‍ അമര്‍ന്നത്. വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്‌ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.