കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തനിക്കും പി ജയരാജനും സിപിഐഎമ്മിനുമെതിരെ കള്ളകേസ് ചമച്ചും വ്യാജ പ്രചാരണം നടത്തിയും പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ നോക്കിയവര്‍ മാപ്പ് പറയണമെന്ന് ടി വി രാജേഷ്. കോണ്‍ഗ്രസ്, ലീഗ് നേതൃത്വവും പഴയ ആഭ്യന്തര വകുപ്പ് മന്ത്രിയും പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. ഗൂഢാലോചനാ സിദ്ധാന്തമെന്നും പാര്‍ട്ടി കോടതിയെന്നുമൊക്കെ പറഞ്ഞ് കേസ് ബോധപൂര്‍വമായി ചമച്ചെടുത്തത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള സിപിഐഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( t v rajesh on ariyil shukkoor murder case verdict)
തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് കേന്ദ്രങ്ങള്‍ ആലോചിച്ച് ചമച്ചുണ്ടാക്കിയ ഗൂഢാലോചന കേസാണിതെന്ന് ടി വി രാജേഷ് പറഞ്ഞു. ലീഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാക്ഷിയെ പോലും ഈ കൂട്ടില്‍ എന്തുകൊണ്ട് നിര്‍ത്താന്‍ കഴിയാതെ പോയി എന്നത് മുസ്ലീം ലീഗ് പറയേണ്ടതാണ്. കേസിനേക്കാള്‍ അപ്പുറത്ത് പ്രചാരണമായിരുന്നു അവരുടെ ലക്ഷ്യം. ഇത് രാഷ്ട്രീയ പ്രേരിതമായി മാത്രം കെട്ടിചമച്ച കേസാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ സിപിഐഎമ്മില്‍ നിന്ന് അകറ്റുക മാത്രമായിരുന്നു ഈ പ്രചാരണങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് പി ജയരാജനേയും ടിവി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടത്. കേസിലെ മറ്റു പ്രതികളായ ഉമേശന്, ഗണേശന്, ശ്യാംജിത്, പ്രകാശന്, അജയന്, രാജീവന്, എന്നിവരേയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാംപ്രതി പവിത്രന്, 9 മനോഹരന്, 10 -ാം പ്രതി ദിനേശന് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഐഎം നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്തും ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒന്നാംപ്രതി സുമേഷ് ഉള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.









