Headlines

ലോകകപ്പ് ആര് തൂക്കും? നെതർലൻഡ്സ് കപ്പ് കൊണ്ടുപോകുമെന്ന് ജോക്കിം ക്ലെമന്റ്

 

ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ കപ്പ് ആർക്കെന്ന ചർച്ചകളിലാണ് ആരാധകർ. അർജന്റീന കപ്പ് നിലനിർത്തുമെന്നും ഫ്രാൻസ്, ജർമനി, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ വരെ കപ്പ് സ്വന്തമാക്കുമെന്ന ചർച്ചകളും പുരോഗമിക്കുന്നത്. ഇതിനിടെ ജർമനിയിൽ നിന്നുള്ള ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് അമ്പരപ്പിക്കുന്ന പ്രവചനമാണ് നടത്തിയത്.

 

 

ആരാ ഈ ജോക്കിം ക്ലമന്റ്?

കഴിഞ്ഞ 3 ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച ജർമൻ ഗണിത ശാസ്ത്രജ്ഞൻ ജോക്കിം ക്ലമന്റ് ഇത്തവണ നെതർലൻഡ്സ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഗണിത ശാസ്ത്ര മാതൃകകളുടെ അടിസ്ഥാനത്തിലാണ് ക്ലമന്റിന്റെ പ്രവചനം. ഈ മാതൃകകൾ ലോകമെന്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് ജോക്കിം ക്ലമന്റ്.

 

എന്തടിസ്ഥാനത്തിലാണ് പ്രവചനം?

രാജ്യങ്ങളുടെ GDP,ജനസംഖ്യ,ഫിഫ റാങ്കിങ്,ഫുട്ബോൾ സംസ്കാരം തുടങ്ങിയ സാന്പത്തിക സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് ലോകകപ്പ് വിജയികളെ ജോക്കിം ക്ലമന്റ് കണക്കാക്കുന്നത്.

 

2026ലെ പ്രവചനം ഇങ്ങനെ

ചരിത്രത്തിലാദ്യമായി നെതർലൻഡ്സ് ലോകകപ്പ് കിരീടം നേടുമെന്നും ഫൈനലിൽ നെതർലൻഡ്സ് പോർച്ചുഗലിനെ തോൽപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സാന്പത്തിക മാതൃകകൾ ഉപയോഗിച്ച് ലോകത്തിലെ വിവിധ സംഭവങ്ങൾ എങ്ങനെ പ്രവചിക്കാമെന്ന് സാന്പത്തിക വിദഗ്ധൻ കൂടിയായ ജോക്കിം ക്ലമന്റ് പറയുന്നുണ്ട്.

 

മുൻ പ്രവചനങ്ങൾ

2014 ബ്രസീൽ ലോകകപ്പിൽ തന്റെ ജന്മനാടായ ജർമനി ജയിക്കുമെന്ന പ്രവചനം കിറുകൃത്യമായി. പിന്നീട് 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയവും 2022ലെ ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയവും ജോക്കിം ക്ലമന്റ് പ്രവചിച്ചിരുന്നു. ഇതാണ് ഇത്തവണത്തെ പ്രവചനത്തെ ശ്രദ്ധേയമാക്കിയത്.

 

പ്രവചനം ശരിയായാൽ…

കിരീടയോഗമില്ലാത്ത ടീമെന്ന കളങ്കം നെതർലൻഡ്സിൽ നിന്ന് ഒഴിവാകും. 1974ലും 1978ലും 2010ലും കിരീടത്തിന് തൊട്ടടുത്തെത്തിയാണ് ഓറഞ്ച് പട പരാജയം രുചിച്ചത്. മേൽപ്പറഞ്ഞ വർഷങ്ങളിൽ റണ്ണേഴ്സ് അപ്പായിരുന്നു നെതർലൻഡ്സ്. ഈ ലോകകപ്പിൽ ഓറഞ്ച് പടയ്ക്ക് മേൽ അമിതപ്രതീക്ഷയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് പ്രവചനം വരുന്നത്.

 

ജപ്പാനും സ്വീഡനും ടുണീഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പ് Fലാണ് നെതർലൻഡ്സ് മത്സരിക്കുന്നത്. സെമിയിൽ സ്പെയിനെയും ഫൈനലിൽ പോർച്ചുഗലിനെയും നെതർലൻഡ്സ് തോൽപ്പിക്കുമെന്നാണ് ജോക്കിം ക്ലമന്റ് പറയുന്നത്. പ്രവചനം വലിയ സീരിയസ് ആക്കേണ്ടെന്നെന്ന് ജോക്കിം ക്ലമന്റ് തന്നെ പറയുന്നുണ്ട്. ഈ പ്രവചനം അടിസ്ഥാനമാക്കി അടുത്ത ലോക ചാന്പ്യൻ ആരായിരിക്കുമെന്ന് ആരെങ്കിലും പന്തയം വച്ചാൽ താൻ ഉത്തരവാദിയല്ലെന്ന ഡിസ്ക്ലെയിമറും ഉണ്ട്. പ്രവചനത്തിന്റെ കോൺഫിഡൻസ് നെതർലൻഡ്സ് ടീമിനെ രക്ഷപ്പെടുത്തുമോയെന്ന് കണ്ടറിയണം.