ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം വീറും വാശിയുമേറിയ ഫൈനലിനായിരുന്നു 2022- ലെ ഖത്തര്‍ ലോകകപ്പ് ലോകം സാക്ഷ്യം വഹിച്ചത്. അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി മൂന്നാം കിരീടം നേടിയപ്പോള്‍ അത് ചരിത്ര നിമിഷമായി മാറി. അര്‍ജന്റീന 2026 ലോകകപ്പിലും കിരീടമോഹികളായി തന്നെയാണ് എത്തുന്നത്. 2022 ലേത് പോലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡുമായി എത്തുന്ന ലോക ചാമ്പ്യന്മാര്‍ക്കിത് നാലാം കിരീടത്തിലേക്കുള്ള അവസരമാണ്. അഞ്ച് തവണ കപ്പെടുത്ത ബ്രസീലും തെക്കെ അമേരിക്കയില്‍ നിന്നുള്ള പ്രധാന ടീമാണ്. ലോക കപ്പ് തുടങ്ങി ഇതുവരെ ജേതാക്കളായ രാജ്യങ്ങളെ കുറിച്ചറിയാം.
1930 ഉറുഗ്വേ ആതിഥ്യമരുളിയ ലോക ഫുട്‌ബോള്‍ മാമാങ്കത്തിലെ കലാശപ്പോരില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ ഉദ്ഘാടന ലോകകപ്പ് കരസ്ഥമാക്കി.
1934 -ല്‍ ഇറ്റലിയില്‍ വെച്ച് നടന്ന ലോക കപ്പില്‍ ഇറ്റലി അവരുടെ ആദ്യ കിരീടം സ്വന്തമാക്കി.
1938 രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ഫ്രാന്‍സില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇറ്റലി കിരീടം നിലനിര്‍ത്തി. ഹംഗറിയായിരുന്നു എതിരാളികള്‍. പിന്നീട് പന്ത്രണ്ട് വര്‍ഷം ടൂര്‍ണമെന്റ് നിര്‍ത്തിവച്ചു.
1950-ല്‍ ബ്രസീലായിരുന്നു ആതിഥ്യം വഹിച്ചത്. ഉറുഗ്വേ രണ്ടാം കിരീടം ഉറപ്പാക്കിയ ടൂര്‍ണമെന്റില്‍ മറക്കാനയില്‍ നടന്ന ഫൈനലില്‍ ബ്രസീലിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
1954-ല്‍ പശ്ചിമ ജര്‍മ്മനിയായിരുന്നു ജേതാക്കള്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ 3-2ന് ഹംഗറിയെയാണ് പരാജയപ്പെടുത്തിയത്.
1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ബ്രസീല്‍ തങ്ങളുടെ ആദ്യ കിരീടമുയര്‍ത്തി. ഈ ടൂര്‍മമെന്റിലായിരുന്നു 17 കാരനായ പെലെ ആറ് ഗോളുകള്‍ നേടിയത്.
1962-ല്‍ ചിലിയായിരുന്നു ഫിഫ ലോക കപ്പിന് ആതിഥ്യമരുളിയത്. ഇവിടെ ചെക്കോ സ്‌ളോവാക്യയെ പരാജയപ്പെടുത്തി ബ്രസീല്‍ തങ്ങളുടെ രണ്ടാം കിരീടം ഉയര്‍ത്തി ഇറ്റലിക്കൊപ്പമെത്തി.
1966-ല്‍ ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോള്‍ അത് ചരിത്ര നിമിഷമായി.
1970 -മെക്‌സിക്കോ ആതിഥ്യമരുളിയ 1970 ലെ ലോക കപ്പില്‍ ബ്രസീല്‍ ടീമിന് ഒപ്പം പെലെ മൂന്നാം തവണയും ലോക കപ്പില്‍ മുത്തമിട്ടു. ലോക കപ്പ് ചരിത്രത്തില്‍ ഒരു കളിക്കാരനും പെലെയെ പോലെ ഇത്രയധികം ലോകകപ്പുകള്‍ നേടിയിട്ടില്ല.
1974 ലെ ലോക കപ്പ് അന്ന്് പശ്ചിമ ജര്‍മ്മനിയായിരുന്ന ജര്‍മ്മനിയിലായിരുന്നു നടന്നത്. ജെര്‍ഡ് മുള്ളറുടെ നേതൃത്വത്തിലുള്ള ടീം നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തി ജര്‍മ്മനി അവരുടെ രണ്ടാം ലോകകപ്പ് നേടി.
1978 ലെ ലോക കപ്പ് നടന്നത് അര്‍ജന്റീനയിലായിരുന്നു. ഈ ലോക കപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ആദ്യ ലോകകപ്പ് നേടി. ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെയാണ് പരാജയപ്പെടുത്തിയത്.







