Headlines

വി ഡി സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ പടക്കം പൊട്ടിച്ചത് മരത്തിൽ കെട്ടി; തൃശൂരിൽ ആൽമരത്തിന് തീപിടിച്ചു

 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം പൊട്ടിച്ചത് ആൽമരത്തിൽ കെട്ടി. ആൽമരത്തിന് തീപിടിച്ചു. വി ഡി സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്.

 

 

പാതി മുറിച്ച് മാറ്റിയ ആൽമരത്തിൽ ആയിരുന്നു പടക്കം കെട്ടിയിരുന്നത്. വേരുകളിൽ ചുറ്റിവച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലും തീ പിടിച്ചു. കുന്നംകുളത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് അപകടങ്ങൾ സംഭവച്ചില്ല.

 

അതേസമയം വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പൊതുഭരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഏഴു മണിക്ക് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടിയേക്കും.

 

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിലാണ് പതിനൊന്നാം ദിവസം ഡൽഹിയിൽ നിന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച് പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്.

 

ടീം യുഡിഎഫിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സതീശൻ്റെ ആദ്യപ്രതികരണം. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നൊന്നായി നടപ്പിലാക്കും. ഞങ്ങൾ ടീം യുഡിഎഫാണ്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും പൊതുപ്രവർത്തനത്തിൻ്റെയും നിർവചനം മാറ്റി എഴുതും. എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്ത് കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.