കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു. മറ്റൊരു എംപിയായിരുന്ന പ്രകാശ് ചിക് ബറൈക്ക് രാജിവച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അടുത്ത രാജി. മുമ്പ് സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ എന്നിവര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. മല്ലികിന്റെ രാജിയോടെ രാജ്യസഭയില്‍ ടിഎംസി എംപിമാരുടെ എണ്ണം ഒമ്പതായി കുറഞ്ഞു. നാലുദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ എംപിയാണ് അവര്‍.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ടിഎംസിയില്‍ രാജി തുടരുകയാണ്. ഇനിയും പ്രമുഖ നേതാക്കള്‍ രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന് ഉള്ളിലെ വിമത നീക്കം ശക്തമാകുന്നതിനിടയിലാണ് എംപിമാരുടെ രാജി.
ഋതബത്ര ബാനര്‍ജിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ ഒരു വിഭാഗം മമത ബാനര്‍ജിയില്‍ നിന്നും അകലം പാലിക്കുകയാണ്. 64 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഈ വിഭാഗം അവകാശപ്പെടുന്നത്. സമാനമായ സാഹചര്യമാണ് ലോക്‌സഭയിലും ഒരു വിഭാഗം എംപിമാര്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.രാജ്യസഭയിലേക്ക് ടിഎംസി നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മല്ലിക്. ഫെബ്രുവരി രാജീവ് കുമാര്‍, ബാബുള്‍ സുപ്രിയോ, മേനക ഗുരുസ്വാമി എന്നിവര്‍ക്കൊപ്പമാണ് മല്ലികിന്റെ പേരും പ്രഖ്യാപിച്ചത്. ഏപ്രിലില്‍ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത അഭിനേതാവ് കൂടിയായ മല്ലിക് രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നാണ് അഭിപ്രായപ്പെട്ടത്.








