തിരുവനന്തപുരം∙ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവരീതിയിലുള്ള കൃഷിയാണ് വിശാല്‍ എന്ന ഐടി കമ്പനി മാനേജര്‍ ഫ്ളാറ്റില്‍ നടത്തിയിരുന്നത്. പക്ഷെ, ഒന്നരലക്ഷം രൂപ മാസശമ്പളമുള്ള ‘നല്ലവനായ ഉണ്ണി’യെ ശ്രീകാര്യം പൊലീസ് കൈയ്യോടെ പൊക്കി. കാരണം ഐടി മാനേജര്‍ തിരക്കേറിയ ഓഫിസ് ജോലികള്‍ക്കു ശേഷം ഫ്ളാറ്റില്‍ വളര്‍ത്തിയിരുന്നത് നല്ല ഒന്നാന്തരം കഞ്ചാവാണ്.ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ശ്രീകാര്യം പൊലീസ് വിശാലിന്റെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയത് 70 ചെടികളടങ്ങിയ കഞ്ചാവ് തോട്ടമാണ്. ഹരിയാനക്കാരനായ ഇരുപത്തിയാറുകാരന് വിശാലാണ് ഫ്ളാറ്റിനുള്ളിലെ കഞ്ചാവ് തോട്ടത്തിന്റെ ഉടമ. ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ മാനേജരാണ് വിശാല്‍. ചെടിച്ചട്ടികള്‍ വാങ്ങി കംപോസ്റ്റും മണ്ണും നിറച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടിരിക്കുന്നത്.മൂപ്പെത്താത്ത ചെടികള്‍ ചട്നിയുണ്ടാക്കാനും പാലില്‍ അരച്ചു ചേര്‍ത്ത് കുടിക്കാനുമാണ് വിശാല്‍ ഉപയോഗിച്ചിരുന്നത്. മൂപ്പേറിയ ചെടികള്‍ ഉപയോഗിക്കാറില്ലെന്നും തിരച്ചിലിനെത്തിയ പൊലീസിനോടു വിശാല്‍ പറഞ്ഞു. കൃഷി ചെയ്ത് വിളവെടുക്കുന്ന കഞ്ചാവ് മുഴുവന്‍ വിശാല്‍ തന്നെ ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. പുറത്തുവിറ്റ് കാശാക്കാനൊന്നും ഇയാള്‍ മുതിര്‍ന്നിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഫ്ളാറ്റില്‍നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഹരിയാനയിലും മറ്റും കഞ്ചാവിന്റെ ഉപയോഗം സര്‍വസാധാരണമാണെന്നും കേരളത്തില്‍ ഇത്രത്തോളം പ്രശ്നമാകുമെന്നു കരുതിയില്ലെന്നുമാണ് വിശാല്‍ പൊലീസിനോടു പറഞ്ഞത്.







