ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശന്‍-തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ചയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്. സീനിയര്‍ വെള്ളാപ്പള്ളി ആയാലും ജൂനിയര്‍ വെള്ളാപ്പള്ളി ആയാലും ചര്‍ച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമിസി’ ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനൂപ് പറഞ്ഞു.തുഷാര്‍ വെള്ളാപ്പള്ളിയെ സമുദായിക നേതാവായി കാണാന്‍ കഴിയില്ല. തുഷാര്‍ സാമ്പത്തിക കുറ്റവാളിയാണ്. അത്തരം ആളുകളെ ചേര്‍ത്തുനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കും. എന്‍ഡിഎയുടെ ഘടകകക്ഷി നേതാവ് കൂടിയാണ് തുഷാര്‍. പത്ത് വര്‍ഷം സ്വീകരിച്ച സമീപനം ഭരണം കിട്ടുമ്പോള്‍ മാറുന്നത് ശരിയല്ല. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിക്കുന്നുവെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം.വി ഡി സതീശന്റെ ജന്മദിനമായ ഞായറാഴ്ചയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത്. സൗഹൃദത്തിന്റെ ഭാഗമായാണ് സതീശനെ കണ്ടതെന്നും വ്യക്തിപരമായ സന്ദര്‍ശനമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.







