ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ സംഭവമൊന്നുമല്ലല്ലോ. അധികാരത്തിൽ വന്നിട്ടുള്ളവർക്ക് അവർക്കു വേണ്ടിയുള്ള വ്യാഖ്യാനങ്ങൾ നടത്താം.അക്രമ സംഭവങ്ങളെ ന്യായീകരിക്കാനും അക്രമികളെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മുമ്പ് അക്രമങ്ങൾ ആസൂത്രണം ചെയ്ത പലരും ഇപ്പോൾ മന്ത്രിമാർ ആയിരിക്കാം. അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ . ഇതെല്ലാം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.എൽഡിഎഫ് സർക്കാർ ശരിയായ രീതിയിൽ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് എല്ലാ അതിർത്തികളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് അദ്ദേഹം പറഞ്ഞു.
അതേസമയം, ഗൺമാൻമാരുടെ മർദനത്തിന്റെ തെളിവ് നശിപ്പിച്ച സംഭവത്തിൽ, പ്രത്യേക കേസെടുക്കാൻ നിയമോപദേശം തേടി എസ്ഐടി. 2023 ഡിസംബർ 15 നുണ്ടായ വിവാദ രക്ഷാപ്രവർത്തനത്തിന്റെ യഥാർത്ഥ അന്വേഷണ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ തിരുത്തിച്ചു എന്നാണ് കണ്ടെത്തൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയാണ് നിർണായകമായത്. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽരാജ് തെളിവ് നശിപ്പിക്കാനും കേസ് ഡയറി തിരുത്താനും കൂട്ടുനിന്നതായും കണ്ടെത്തി. നിർണായക വിവരങ്ങളടങ്ങിയ റിപ്പോർട്ട് നാളെ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന് കൈമാറും. ശേഷമായിരിക്കും തീരുമാനം. പ്രതികളായ അനിൽ കല്ലിയൂരും സന്ദീപും നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.







