കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിക്കുകയായിരുന്നു. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ ഉടമയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.
തൃക്കാക്കര എന്‍ജിഒ കൊട്ടേഴ്സിന് സമീപം ഇന്ന് പുലര്‍ച്ചയാണ് സംഘര്‍ഷം. നിലത്തിട്ട് ചവിട്ടുകയും മുഖത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതാകാം സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രവീണ്‍കുമാര്‍, ഷാഫി , നിസാം എന്നിവര്‍ക്ക് മര്‍ദനത്തില്‍ പരുക്കേറ്റു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വാഴക്കാല സ്വദേശി പ്രവീണ്‍കുമാറിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ കോട്ടയം മീനച്ചില്‍ സ്വദേശിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







