മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ലോണിൽ വാങ്ങുന്നവരായിരിക്കും നമ്മളിൽ കൂടുതലും. ഓരോ മാസവും നിശ്ചിത തുകയാണ് ഇഎംഐ ആയി നമ്മളിൽ നിന്ന് ഈടാക്കപ്പെടുക. വലിയ തുക മൊത്തമായി നൽകാൻ ഇല്ലാത്തവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ രീതി. എന്നാൽ ചിലപ്പോൾ ചിലർക്ക് ഈ ലോണുകൾ അടയ്ക്കാൻ പറ്റാതെ വരാറുണ്ട്. അവർക്ക് കൂടുതൽ പണി കിട്ടാൻ പോകുകയാണ്. ആർബിഐ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ പോകുന്നു എന്നതിനാലാണത്.
മൊബൈൽ ഫോൺ ലോണുകൾ അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയാണ് ആർബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാനപ്പെട്ട സേവനങ്ങൾ തടയുക എന്നതാണത്. ഇത്തരത്തിൽ ചെയ്‌താൽ അടവ് കൃത്യമായി ലഭിക്കുമെന്നും, ആളുകൾ പണം അടക്കുമെന്നുമാണ് ആർബിഐയുടെ വിശ്വാസം.ആർബിഐയുടെ റെസ്പോൺസിബിൾ ബിസിനസ് കണ്ടക്ട് നിർദേശങ്ങളിലെ ഭേദഗതികൾ പ്രകാരം ബാങ്കുകൾക്ക് ഒരാൾ വാങ്ങുന്ന മൊബൈലിൽ സേവനങ്ങൾ നിർത്തിക്കാനുള്ള സംവിധാനങ്ങൾ വിന്യസിക്കാം. അപ്പോൾ സ്വാഭാവികമായ ഒരു സംശയം ബാങ്കിന് നമ്മുടെ ഫോണിന്റെ ആക്സസ് ലഭിക്കുമോ എന്നതാകും. എന്നാൽ ഇത്തരം വിന്യാസങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉണ്ടാകും. ചില ഫിൻടെക് സ്ഥാപനങ്ങൾ ഇപ്പോൾത്തന്നെ ഈ രീതി സ്വീകരിച്ചുപോരുന്നുണ്ട്. അവയെ കൂടുതൽ ഔപചാരികമാക്കാൻ ശ്രമിക്കുകയാണ് ആർബിഐ.ഫോണിന്റെ പ്രധാനപ്പെട്ട സേവനങ്ങളായ ഇന്റർനെറ്റ് ആക്സസ്, ഇൻകമിങ് കോളുകൾ, എമർജൻസി എസ്ഒഎസ് ഫീച്ചറുകൾ, സർക്കാർ – പൊതുസേവന മെസ്സേജുകൾ എന്നിവയെ നിയന്ത്രിക്കാൻ പാടില്ല എന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. ഒരുമിച്ച് പ്രവർത്തനങ്ങൾ നിയന്ത്രിക്കരുതെന്നും പതിയെ വേണമെന്നും ആർബിഐ പറയുന്നുണ്ട്.
ആർബിഐ നിയമത്തിന്റെ കരട് നിർദ്ദേശങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. വായ്പ എടുത്ത തുക കൊണ്ട് ഫോൺ വാങ്ങി എന്നുറപ്പാക്കിയതിന് ശേഷം മാത്രമേ ഈ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയൂ. ലോൺ അഗ്രിമെന്റിൽ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്ന സാഹചര്യങ്ങൾ, പിന്തുടരേണ്ട സമീപനം, വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള സമയപരിധികൾ, കടം വാങ്ങുന്നവർക്ക് ലഭ്യമായ പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയും കരാറിൽ വ്യക്തമായി വെളിപ്പെടുത്തുകയും വേണം.കരട് മാനദണ്ഡങ്ങൾ പ്രകാരം, അടവ് ബാക്കിയായി 90 ദിവസം കഴിഞ്ഞതിന് ശേഷവും, വായ്പ എടുത്തയാൾക്ക് ഒന്നിലധികം നോട്ടീസുകൾ നൽകിയതിന് ശേഷവും മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. വായ്പയടവ് മുടങ്ങി 60 ദിവസം കഴിഞ്ഞാൽ ബാങ്കുകൾ ആദ്യം ഒരു നോട്ടീസ് നൽകണം. അടവ് മുങ്ങിയവർക്ക് കുറഞ്ഞത് 21 ദിവസത്തെ സമയം നൽകണം. നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഏഴ് ദിവസം മുൻപ് അടുത്ത നോട്ടീസ് നൽകണം എന്നും നിർദേശമുണ്ട്.
വായ്പ കുടിശ്ശിക അടച്ചുതീർത്താൽ ഒരു മണിക്കൂറിനകം സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആർബിഐ നിർദേശിക്കുന്നുണ്ട്. ഫോൺ മാറി നിയന്ത്രണം ഏർപ്പെടുത്തുകയോ മറ്റോ ചെയ്‌താൽ കമ്പനി പിഴ നൽകണം. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഓരോ മണിക്കൂറിനും 250 രൂപ വെച്ചാണ് പിഴ നൽകേണ്ടത്. വായ്പ പൂർണ്ണമായും തിരിച്ചടച്ച ഉടൻതന്നെ മോബെെലിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ടെക്‌നോളജി അൺഇൻസ്റ്റാൾ ചെയ്യണം. വായ്പയെടുക്കുന്നയാളുടെ മൊബൈൽ ഫോണിലുള്ള ഏതെങ്കിലും ഡാറ്റ ആക്‌സസ് ചെയ്യുന്നതിനോ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബാങ്കുകൾക്ക് പൂർണവിലക്കും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന് പുറമെ റിക്കവറി ഏജൻസികളെയും റിക്കവറി ഏജന്റുകളെയും ആർബിഐ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഇവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് പ്ഫ് ബാങ്കിങ്ങിൽ നിന്നോ അനുബന്ധന സ്ഥാപനങ്ങളിൽ നിന്നോ സർട്ടിഫിക്കേഷൻ വേണമെന്നാണ് ആർബിഐ നിർദേശിക്കുന്നത്. റിക്കവറി ഏജൻസികളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ബാങ്കുകൾ പ്രദര്ശിപ്പിക്കണമെന്നും നിർദേശമുണ്ട്. വയ്പ്പ് എടുത്തവർ രാവിലെ എട്ട് മണിക്കും രാത്രി ഏഴ് മണിക്കും ഇടയിൽ മാത്രമാണ് വിളിക്കേണ്ടത്, കുടുംബാംഗങ്ങളെ അപമാനിക്കരുത്, സാമൂഹ്യമാധ്യമങ്ങൾ വഴി അപവാദപ്രചരണം അരുത് എന്നുമെല്ലാം നിർദേശങ്ങളുണ്ട്.







