കോട്ടയം: രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘ഏഴ് എംഎല്‍എമാര്‍ വിജയിച്ച സാഹചര്യത്തില്‍ ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചത്. വൈഷമ്യങ്ങളും ബുദ്ധിമുട്ടും കോണ്‍ഗ്രസ് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ന്യായമായ ആവശ്യമെന്ന നിലയില്‍ അനുകൂലമായ തീരുമാനം എടുത്തുതരണം എന്നാണ് ഇന്നലത്തെ ചര്‍ച്ചയിലും ആവശ്യപ്പെട്ടത്. ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പോകുന്നതിനോട് ഇപ്പോള്‍ താല്പര്യമില്ല. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട രണ്ട് മന്ത്രിസ്ഥാനം തന്നെ ലഭിക്കുന്ന വിധത്തില്‍ തീരുമാനം എടുത്തരണമെന്നാണ് ആവശ്യപ്പെട്ടത്’, മോന്‍സ് ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വകുപ്പുകളുടെ ചര്‍ച്ചയിലേക്ക് കടന്നുവെന്നും ഏതാനും ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഉഭയകക്ഷി ചര്‍ച്ച നടക്കും. അതില്‍ തീരുമാനമാകുമെന്നാണ് വിവരം. പ്രധാന്യമുള്ള വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നല്‍കാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കില്‍ മോന്‍സ് ജോസഫിന് പുറമെ അപു ജോസഫോ തോമസ് ഉണ്ണിയാടനോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാളാകും ചീഫ് വിപ്പാകുക. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ളത്.






