തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് കമ്മിറ്റി ചേരുന്നത്. ഇന്നും നാളെയുമാണ് ജില്ലാ കമ്മിറ്റി യോഗം. തിരഞ്ഞെടുപ്പ് പരാജയത്തില്‍ വിശദമായ ചര്‍ച്ചയാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലെ വിലയിരുത്തലും തീരുമാനങ്ങളും സംസ്ഥാന സെക്രട്ടറി ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനങ്ങള്‍ കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് ഏരിയാ, ലോക്കല്‍, ബ്രാഞ്ച് യോഗങ്ങളും ചേരും.
തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം നേതാക്കളുടെ ശൈലിയാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം ഉയര്‍ന്നു. സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. വീട്ടിൽ പോയി ചോദിക്ക് എന്ന മുഖ്യമന്ത്രിയുടെ പരാമർശം ശൈലി മാറില്ലെന്ന തോന്നലുണ്ടാക്കി. അന്ന് സദസ്സിൽ നിന്ന് ഉയർന്ന ചോദ്യം കേട്ടില്ലെന്ന് വെച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും വിമർശനം ഉയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് കടുത്ത വിമർശനം. അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. വി. കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു എന്നും ടി കെ ഗോവിന്ദൻ പാർട്ടി വിട്ടു പോകുന്നത് വേണമെങ്കിൽ തടയാമായിരുന്നുവെന്നും അംഗങ്ങൾ വിമർശിച്ചു. പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും എന്നും സെക്രട്ടറിയേറ്റിൽ അഭിപ്രായങ്ങൾ ഉയർന്നു.
അതേസമയം കോഴിക്കോട് സിപിഎമ്മിന് ഇത്ര വലിയ തിരിച്ചടി ഉണ്ടായതിൽ ഞെട്ടൽ പ്രകടിപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. വോട്ടുകൾ വൻതോതിൽ ബിജെപിയിലേക്ക് മറിഞ്ഞു.
ഇതിന്റെ കാരണം നേതൃത്വം പരിശോധിക്കണം. ന്യൂനപക്ഷ വിഭാഗത്തിന്റെ വിശ്വാസ്യത നേടാനായില്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽ പിണറായി വിജയനും എംവി ഗോവിന്ദനും അടക്കമുള്ള നേതൃത്വത്തിന് യഥാസമയം നിലപാടുകൾ കൈക്കൊള്ളാൻ ആയില്ല. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചു. എന്നാൽ ഈ വിമർശനങ്ങൾക്ക് സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എ മുഹമ്മദ് റിയാസ്, ടി.പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവർ മറുപടി നൽകിയില്ല. ജില്ലയിൽ 11 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഇത്തവണ ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനം റദ്ദാക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പ്രായപരിധിയിൽ ഇളവ് നൽകിയത് മുൻപ് മുഖ്യമന്ത്രി ആകാൻ വേണ്ടിയാണ്. വീണ്ടും ഇളവ് നൽകിയത് പാർട്ടിയെ നയിക്കാൻ വേണ്ടിയാണ്. പാർട്ടി തോറ്റ് തകർന്നിട്ടും വീണ്ടും പ്രതിപക്ഷ നേതാവാകുന്നത് ശരിയല്ല. പ്രായപരിധി പിന്നിട്ടയാള്‍ പ്രതിപക്ഷ നേതാവാകുന്നത് എന്ത് സന്ദേശം നൽകുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിമർശിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാർട്ടി പ്രവർത്തകർക്ക് ഓഫീസ് അന്യമായിരുന്നു.
വിവിധ ബോർഡുകളിൽ യോഗ്യതയില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ പാർട്ടി ആപത്തിൽ പെട്ടപ്പോൾ ഭാര്യയെ രക്ഷിക്കാനാണ് ശ്രമിച്ചത് എന്നും വിമർശനം ഉയർന്നു. ഇത്തരം ആളുകളെ ഒഴിവാക്കിയെങ്കിലേ പാർട്ടിക്ക് രക്ഷയുള്ളൂ എന്നും പ്രവർത്തകർ പറഞ്ഞു. പ്രധാനമായും അഞ്ച് നേതാക്കളാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റി യോഗം നടക്കും. വിമർശനം കടുക്കാനാണ് സാധ്യത.
അതേസമയം CPI സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവിൽ വിമർശനം. പറയേണ്ട കാര്യങ്ങൾ വേണ്ടസമയത്ത് പറഞ്ഞില്ലെന്നും തിരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നും അംഗങ്ങൾ വിമർശിച്ചു. ആശാ സമരത്തെക്കുറിച്ച് തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷമല്ല നേതൃത്വം അഭിപ്രായം പറയേണ്ടത്. പലയിടങ്ങളിലും സ്ഥാനാർഥി നിർണയം പാളിയെന്നും ജനങ്ങളുമായി ബന്ധമില്ലാത്തവർ സ്ഥാനാർഥികളായെന്നും വിമർശനമുണ്ടായി. CPM പറയുന്നതെല്ലാം മുന്നണിയിലും മന്ത്രിസഭയിലും CPI നേതൃത്വം അംഗീകരിച്ചു. തിരിച്ചടികൾക്കിടയിലും ചേർത്തലയിലെ വിജയം മികച്ചതാണെണും അഭിപ്രായമുയർന്നു. ഇന്ന് ജില്ലാ കൗൺസിൽ യോഗവും ചേരും.







