Headlines

സിജെപിക്ക് കോൺഗ്രസ് പിന്തുണ, രാഹുൽ ഗാന്ധിയും പ്രിയങ്കയും കെ.സിയും ജന്തർ മന്തറിൽ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്

 

സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെത്തി. പ്രതിഷേധക്കാരോട് രാഹുൽ സംസാരിച്ചു. സമരപന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും മുദ്രവാക്യം വിളിച്ചു. കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ജന്തർ മന്തറിലെത്തിയിട്ടുണ്ട്. കേരള മുഖ്യമന്ത്രിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.

 

 

ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരും പങ്കെടുക്കുന്നു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കെ സി വേണുഗോപാൽ തുടങ്ങിയവരും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആഭ്യന്തര മന്ത്രിയും രാജി വെക്കണം എന്ന് ആവശ്യം. കൈകൾ കെട്ടി പ്രതിഷേധിക്കുന്നു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു.

 

അതേസമയം, സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് തീരുമാനം. സംഭവത്തിൽ കോടതിക്ക് നന്ദിയറിയിച്ച് സോനം വാങ്ങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി. സോനത്തിൻ്റെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഗീതാഞ്ജലി ആംഗ്മോയാണ് കോടതിയെ സമീപിച്ചത്.

 

സിജെപി സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 70 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു.