തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ലൈസൻസിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസൻസി സതീശനാണ് മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത് 4 പേരാണ്. സതീശന്റെ മൃതദേഹം ഉടൻ തന്നെ മോർച്ചറിയിലേക്ക് മാറ്റും.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു.









