Headlines

പുറ്റിങ്ങല്‍, ത്രാങ്ങാലി, കണ്ടശ്ശംകടവ്, ശബരിമല കരിമരുന്ന് അപകടം…; കേരളത്തിന്റെ ഉള്ളുപൊള്ളിച്ച വെടിക്കെട്ട് അപകടങ്ങള്‍; വേണം കര്‍ശന സുരക്ഷാ നടപടികള്‍

വെടിക്കെട്ടപകടത്തില്‍ കേരളം വിറങ്ങലിക്കുന്നത് ഇത് ആദ്യമല്ല. കാതിനും കണ്ണിനും വിസ്മയം തീര്‍ക്കുന്ന കരിമരുന്ന് കലാപ്രകടനം മണ്ണില്‍ കണ്ണീരായി പെയ്തിറങ്ങുന്ന ദുരന്ത കാഴ്ചക്കാണ് ഇന്നലെ തൃശൂര്‍ സാക്ഷ്യംവഹിച്ചത്. ഓരോ അപകടവും സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും തുടര്‍നടപടികള്‍ ഇരുട്ടില്‍ മറയുകയാണ്. വെടിക്കെട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തുടങ്ങി കാഴ്ചകാണാന്‍ എത്തിയവര്‍ അടക്കം നൂറൂകണക്കിന് പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്. (history of kerala’s fireworks accident mundathikode blast)

2016 ഏപ്രില്‍ പത്തിന് കേരളം ഉണര്‍ന്നത് നടുക്കുന്ന വെടിക്കെട്ട് ദുരന്തത്തിലേക്കായിരുന്നു. അന്ന് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ചിന്നിച്ചിതറിയത് 110 ജീവനാണ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ വെട്ടിക്കെട്ട് അപകടത്തില്‍ 700ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2024 നവംബറില്‍ കാസര്‍കോട് തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടം അഞ്ചുപേരുടെ ജീവനാണെടുത്തത്.പൂരത്തിന്റെ സ്വന്തം നാടായ തൃശൂരില്‍ ഉള്ളുലക്കുന്ന വെടിക്കെട്ട് ദുരന്തങ്ങള്‍ ആദ്യമല്ല. 2006ല്‍ പാറമേക്കാവിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന ഇടത്തുണ്ടായ അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. 1978ല്‍ തൃശ്ശൂര്‍ പൂരത്തിനിടെ അമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തിലേക്കാണ് പതിച്ചത്. അന്ന് എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1987ല്‍ തൃശ്ശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ -കൂട്ടന്മൂലി ക്ഷേത്രത്തിലുണ്ടായ അപകടം 20 കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്. 1984ല്‍ തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിനിടെ ഉണ്ടായ ദുരന്തത്തില്‍ 20 പേര്‍ മരിച്ചു. എന്നാല്‍ കണ്ടശ്ശംകടവിനെ കാത്ത് വീണ്ടും ദുരന്തം പതിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം 1989ല്‍ തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ വീണ്ടും കണ്ണീര്‍ തളംകെട്ടി. 12 ജീവനുകളാണ് വെടിക്കെട്ട് ദുരന്തത്തില്‍ പൊലിഞ്ഞത്.

1997ല്‍ തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൂടി ദുരന്തത്തിന് ഇരയായി. പാലക്കാട് ഷൊര്‍ണൂരിനെ വെടിക്കെട്ട് ദുരന്തം വിറങ്ങലിപ്പിച്ചത് 2011ലാണ്. ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് മരിച്ചത് 13 തൊഴിലാളികളാണ്. 2013 പാലക്കാട് പന്നിയംകുറുശ്ശിയും ഹൃദയഭേദക കാഴ്ചകക്ക് സാക്ഷ്യം വഹിച്ചു. കുളങ്കുന്നത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് ജീവന്‍ പൊലിഞ്ഞു. 1999ല്‍ പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം എട്ടുപേരുടെ ജീവനാണെടുത്തത്. കഞ്ചിക്കോട് പടക്ക നിര്‍മ്മാണശാലയിലെ പൊട്ടിത്തറിയില്‍ 13 പേരും പൊള്ളലേറ്റ് മരിച്ചു.

1952ലാണ് ശബരിമലയില്‍ 68 തീര്‍ഥാടകരുടെ ജീവന്‍ പൊലിഞ്ഞ കരിമരുന്ന് അപകടം. ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ അപകടം ഇന്നും തീരാനോവാണ്. 1987ല്‍ ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു അഞ്ച് പേരും 1990ല്‍ കൊല്ലം പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 പേരും മരിച്ചു. തൃശൂരിന് പുറമെ കൊല്ലം, പാലക്കാട് ജില്ലകളാണ് വെടിക്കെട്ട് ദുരന്തങ്ങളില്‍ മുന്നില്‍. ഇനിയെങ്കിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ ഉയരാതിരിക്കാന്‍ ശക്തമായ സുരക്ഷാ നടപടികളാണ് വേണ്ടത്.