Headlines

മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അവസ്ഥയെപ്പറ്റി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മുജ്തബ ഖമനയിയുടെ മുഖം ഗുരുതരമായി പൊള്ളിയെന്നും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നേക്കാമെന്നും ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുണ്ടുകളിലെ ക്ഷതം ഗുരുതരമാണെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (The New York Times on the health of Mojtaba Khamenei)

മുജ്തബയുടെ ഒരു കാലില്‍ മൂന്നു തവണ ശസ്ത്രക്രിയ നടത്തി. ഒരു കൈയിലും ശസ്ത്രക്രിയ നടത്തി, ചലനശേഷി വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.
മുജ്തബ കൃത്രിമ കാല്‍ വയ്ക്കാനുള്ള കാത്തിരിപ്പിലാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ദുര്‍ബലനായി കാണപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഖമനയി പൊതുസമക്ഷം പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.ഖമനയി രഹസ്യകേന്ദ്രത്തിലായതിനാല്‍ കൈ കൊണ്ടെഴുതിയ കുറിപ്പുകള്‍ സീല്‍ ചെയ്ത കവറിലിട്ട് കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും മാറിമാറി സഞ്ചരിച്ചാണ് ഖമനയിക്ക് എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കള്‍ ഖമനയിയെ സന്ദര്‍ശിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെ സഞ്ചാരപഥം തിരിച്ചറിഞ്ഞ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടാനിടയുള്ളതുകൊണ്ടാണ് ഇത്.

അതേസമയം, ഇറാനില്‍ ഭരണനേതൃത്വം തഴയപ്പെട്ടുവെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുണ്ട്. ഭരണപരമായ തീരുമാനങ്ങളെടുക്കുന്നത് സൈനിക നേതൃത്വം. അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാംഘട്ട ചര്‍ച്ച സൈനിക നേതൃത്വം എതിര്‍ത്തതിനാലാണ് നടക്കാതെ പോയത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡില്‍ നിന്നുള്ള കമാന്‍ഡര്‍മാരാണ് യുദ്ധത്തിന്റെയും നയതന്ത്രത്തിന്റെയും ദേശീയ സുരക്ഷയുടെയും കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്.
പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് മുഴുവന്‍ കാര്യങ്ങളിലും നിയന്ത്രണം ഇല്ല. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ആഭ്യന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത് – റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ആയുധശേഖരത്തില്‍ വന്‍ കുറവുണ്ടായെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുണ്ട്. പെന്റഗണ്‍ വിലയിരുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
ചൈനയുമായും റഷ്യയുമായും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നപക്ഷം ഉപയോഗിക്കാന്‍ ശേഖരിച്ചിരുന്ന അത്യാധുനിക ആയുധങ്ങളിലാണ് കുറവ്. JASSM-ER ക്രൂസ് മിസൈലുകളില്‍ 1100 എണ്ണം ഇറാന്‍ യുദ്ധത്തിന് ഉപയോഗിച്ചു. ഇനി ശേഷിക്കുന്നത് 1500 JASSM-ER ക്രൂസ് മിസൈല്‍ മാത്രമാണ്. ചൈനയുമായി യുദ്ധമുണ്ടായാല്‍ ഉപയോഗിക്കാന്‍ തയാറാക്കിയതാണ് ജോയിന്റ് എയര്‍ ടു സര്‍ഫെയ്സ് സ്റ്റാന്‍ഡ്ഓഫ് മിസൈല്‍- എക്സ്റ്റന്‍ഡഡ് റേഞ്ച് (JASSM-ER). ആയിരത്തിലധികം ടോമഹോക്ക് മിസൈലുകളും 1200 പാട്രിയട്ട് മിസൈലുകളും ഇറാന്‍ യുദ്ധത്തിന് ഉപയോഗിച്ചു. പ്രതിവര്‍ഷം ഉണ്ടാക്കുന്ന മിസൈലുകളുടെ പത്തിരട്ടിയാണ് ഇത്. ഒരു ടോമഹോക്ക് മിസൈല്‍ നിര്‍മ്മിക്കാന്‍ 30.13 കോടി രൂപയാണ് ചെലവ്; പാട്രിയട്ട് മിസൈലിന് 33 കോടി രൂപ.