കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മതം പറഞ്ഞ് വോട്ട് പിടിക്കുന്നതായി പരാതി. യുഡിഎഫ് സ്ഥാനാർഥി ഫൈസൽ ബാബുവാണ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നതായി പരാതി ഉയർന്നത്. തുടർന്ന് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി പൊലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ഗേറ്റിന് മുന്നിൽ തുടരുകയാണ്. കോഴിക്കോട് സൗത്ത് ബ്ലോക്കിലെ പയ്യാനക്കൽ സ്കൂളിലാണ് സംഭവം. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരതന്നെ ഇവിടെ ഉണ്ടായിരുന്നു. ഏഴോളം ബൂത്തുകളാണ് ഇവിടെ ഉള്ളത്. ക്യൂവിൽ നിൽക്കുന്ന വോട്ടർമാരോട് നമ്മൾ മുസ്ലിങ്ങളാണെന്നും നമ്മൾ ജയിക്കണമെന്നും ഫൈസൽ ബാബു പറയുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം, ആരോപണം സിപിഐഎമ്മിന്റെ അജണ്ടയെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. ഫൈസൽ ബാബു ജയിക്കും എന്നറിഞ്ഞപ്പോൾ മനഃപൂർവം ഉണ്ടാക്കിയ കഥയാണിതെന്നും പ്രവർത്തകർ പറഞ്ഞു.








