Headlines

മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് ഷഹബാസ് ഷെരീഫ്; ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിച്ച ഷെരീഫ്

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തിങ്കളാഴ്ച ചതുര്‍രാഷ്ട്ര ചര്‍ച്ച ഇസ്ലാമാദില്‍ വച്ച് നടക്കാനിരിക്കെയാണ് പെസഷ്‌കിയാനെ ഷെഹബാസ് ഷെരീഫ് വിളിച്ചത്. ഇരു നേതാക്കളും ഒരു മണിക്കൂറോളം ഫോണ്‍ സംസാരിച്ചു. ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിച്ച ഷെരീഫ്, ഇറാന് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള പാക്ക് നീക്കത്തിന് ഇറാന്‍ നന്ദി അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് പാകിസ്താന്റെ നേതൃത്വത്തില്‍ ചര്‍ച്ച. സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇസ്ലാമാബാദില്‍ വച്ചായിരിക്കും ചര്‍ച്ച.

അതിനിടെ, അമേരിക്കന്‍ കപ്പലിനെ ഐആര്‍ജിസി ആക്രമിച്ചു. ഒമാന്‍ തീരത്ത് വച്ചായിരുന്നു ആക്രമണം. അമേരിക്കിന്‍ സൈനിക കപ്പലിനെ ലക്ഷ്യമിട്ടെന്നാണ് ഐആര്‍ജിസിയുടെ അവകാശവാദം. ഒമാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ഉണ്ടായി. സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം തുടര്‍ച്ചയായി നല്‍കിയ പിന്തുണയ്ക്കും മോദി നന്ദി പറഞ്ഞു.