ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ. ഹോണ്ടയുടെ 0 അൽഫാ ഇലക്ട്രിക് എസ്‌യുവിയാണ് പരീക്ഷണത്താനായി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച വാഹനം അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി നിർമിച്ച് വാഹനം വിപണിയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.കമ്പനി പറയുന്നതനുസരിച്ച്, ഹൈവേകൾ, നഗര റോഡുകൾ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവ പരീക്ഷണ ഓട്ടത്തിൽ ഉൾപ്പെടുത്തും. അതോടൊപ്പം യാത്രാ സുഖം, കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയ വശങ്ങളും വിലയിരുത്തും. കടുത്ത ചൂടിലും മഴക്കാലത്തും ഇലക്ട്രിക് എസ്‌യുവി പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ വിവിധ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുകളിലുടനീളം ചാർജിംഗ് പ്രകടനത്തിന്റെ വിലയിരുത്തലുകളും നടത്തും.
ആഭ്യന്തര വിൽപ്പനയ്ക്കും കയറ്റുമതിക്കുമായി വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. 2026–27 സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ ഈ മോഡൽ അവതരിപ്പിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഇന്ത്യയും ജപ്പാനും പ്രധാന ലോഞ്ച് വിപണികളിൽ ഉൾപ്പെടുന്നു.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ വിറ്റാര, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര ബിഇ 6 തുടങ്ങിയ എതിരാളികളുമായാണ് വിപണിയിൽ വാഹനം മത്സരിക്കുക. 0 സീരീസ് പ്രോഗ്രാമിലെ ഹോണ്ടയുടെ “തിൻ, ലൈറ്റ്, വൈസ്” എന്നിവയ്ക്ക് അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്. എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 65 kWh ഉം 75 kWh എന്നിവയായിരിക്കും അവ. സിംഗിൾ-മോട്ടോർ, ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണത്തിലൂടെ പവർ വിതരണം ചെയ്യും.






