Headlines

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ ലീഗിന് അതൃപ്തി; കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. നാളെ ഡല്‍ഹയില്‍ എത്തുന്ന കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. സിഎംപി , ആര്‍എസ്പി ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിലും യുഡിഎഫില്‍ തീരുമാനം വൈകുകയാണ്. യുഡിഎഫില്‍ ചര്‍ച്ച നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സി എന്‍ വിജയകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിനാല്‍ സ്‌ക്രീനിങ് കമ്മിറ്റി നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ആദ്യ പട്ടിക കൈമാറില്ല. (Muslim League unhappy with the prolonged seat talks in UDF)കേരളത്തില്‍ മാത്രമല്ല തമിഴ്‌നാടിലും സീറ്റ് ചര്‍ച്ചകള്‍ നീണ്ടു പോകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്.ഇക്കാര്യം നേരിട്ട് ഹൈക്കമാന്റിനെ അറിയിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടിയുടെ ലക്ഷ്യം. നാളെ ഡല്‍ഹിയില്‍ എത്തുന്ന കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും.തമിഴ്‌നാട്ടില്‍ ഡിഎംകെ യാണോ ടിവികെ യാണോ ഒപ്പം കുട്ടണമെന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നഭിപ്രായം തുടരുകയാണ്. ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാക്കും എന്നാണ് മുസ്ലിം ലീഗ് ചൂണ്ടകാട്ടുന്നത്. കേരളത്തില്‍ കോങ്ങാട് അടക്കമുള്ള സീറ്റുകള്‍ വച്ചു മാറുന്നതിലും തീരുമാനം ഉടന്‍ വേണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെടും .അതേസമയം ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തീരുമാനം വേഗത്തിലാക്കണമെന്ന് സിഎംപി , ആര്‍എസ്പി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. മൂന്നു ദിവസംകൊണ്ട് തീരുമാനം അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് മറുപടി.