കൊല്ലം ശക്തികുളങ്ങരയിൽ ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കുന്നെന്ന പരാതി. കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. തുടർനടപടികൾ സ്വീകരിക്കാൻ ഹാർബർ എഞ്ചിനീയറിങ്ങിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.ഹാർബർ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും. പരിശോധന കഴിയുന്നത് വരെ നിർമ്മാണം നിർത്തിവെച്ചു. പരാതിക്കാരുമായി ജില്ലാ കളക്ടർ യോഗം ചേർന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടത്തിന്റെ തറയ്ക്കായുള്ള കോൺക്രീറ്റിങ്ങിന് കായലിൽനിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ദുരന്തനിവാരണകേന്ദ്രത്തിന്റെ നിർമാണത്തിനുമുന്നോടിയായി തീരത്ത് നിർമിച്ച വാർഫിന്റെ ഭാഗത്ത് കായലിൽ മോട്ടോർ ഇറക്കിയാണ് വെള്ളമെടുത്തിരുന്നത്. കായലിലെ ഉപ്പുവെള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പണി തടയുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
ഹാർബർ എൻജിനിയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പർവൈസറും കരാർ കമ്പനി പ്രതിനിധിയും പ്രതിഷേധക്കാരോട് നിർമാണത്തിന് ഉപയോഗിച്ചിരുന്നത് കായൽവെള്ളം തന്നെയെന്നും തെറ്റ് പറ്റിയതായും സമ്മതിച്ചു.അടുത്തുള്ള കെട്ടിടത്തിൽനിന്ന് നിശ്ചിതനിരക്കിലാണ് വെള്ളം എടുത്തിരുന്നതെന്നും തിങ്കളാഴ്ച വൈദ്യുതി ഇല്ലാത്തതിനാൽ വെള്ളമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നും കരാർ കമ്പനി പ്രതിനിധികൾ പറയുന്നു.
ദിവസങ്ങളായി മോട്ടോർ കായലിലിട്ടിരിക്കുന്നത് കണ്ടതായി വലക്കാർ പറയുന്നുണ്ട്. ഇത് മണ്ണുറപ്പിക്കാനുള്ള ആവശ്യത്തിനാണെന്നാണ് കരാറുകാർ പറയുന്നത്. ഇതും നിർമാണത്തിലെ അപാകമായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.വിവരമറിഞ്ഞ കളക്ടർ ഹാർബർ എൻജിനിയറിങ് വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. പണി നിർത്തിവെക്കാനും നിർദേശിച്ചു.






