Headlines

വാണിയപ്പാറയില്‍ പള്ളി സെമിത്തേരില്‍ പായയില്‍ മൃതദേഹം; ഭയപ്പെടാനൊന്നുമില്ലെന്ന് പൊലീസ്; ദുരൂഹതയില്ലെന്ന് നിഗമനം

 

കണ്ണൂര്‍ വാണിയപ്പാറയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീക്കാന്‍ പൊലീസ്. 2006, 2015 വര്‍ഷങ്ങളില്‍ ഇതേ കല്ലറയില്‍ അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയില്‍ ഉള്ളതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഒരു മൃതദേഹ അവശിഷ്ടം മാറ്റാതെ മറ്റൊന്ന് കല്ലറയിലേക്ക് ഇറക്കുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

 

 

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പര്‍ കല്ലറയില്‍ കണ്ട പായില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്. എന്താണ് ആ വസ്തുവെന്നും നേരത്തെയുള്ള മൃതദേഹ അവശിഷ്ടമാണോ എന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ ദുരൂഹത ഒഴിവാകൂ. അതിനായി കല്ലറ തുറക്കേണ്ടി വരും.

 

ഈ മാസം 13ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാന്‍ കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ രീതിയില്‍ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടത്. ശവപ്പെട്ടിക്ക് സമീപം ചെരിച്ചു വച്ച നിലയില്‍ ആണ് ഇത് ഉണ്ടായിരുന്നത്. ക്രിസ്തീയ ആചാര പ്രകാരം ഇങ്ങനെ സംസ്‌കാരം നടത്താറില്ലെന്നതാണ് സംശയം ജനിപ്പിക്കുന്നത്.

 

നേരത്തെ 2006ല്‍ മരിച്ച റോസമ്മ, 2015ല്‍ മരിച്ച ജെയ്‌സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയില്‍ അടക്കിയിരുന്നത്. പ്ലാസ്റ്റിക് പായ ഉപയോഗിച്ചത് ആദ്യം അടക്കം ചെയ്ത റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ആണ് എന്നാണ് പൊലീസിന്റെ അനുമാനം. സംസ്‌കാരസമയത്തുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ അതേസമയം, ഒരേ കല്ലറയില്‍ ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.