Headlines

‘സച്ചിദാനന്ദൻ പറഞ്ഞത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുടരരുത് എന്നല്ല, തുടർഭരണം വന്നാൽ പാവപ്പെട്ട എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല എന്നാണ്’: എംവി ഗോവിന്ദന്‍

കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തുടർച്ചയായി സർക്കാർ വന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദൻ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.സച്ചിദാനന്ദൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്‍റേതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതിന് അർത്ഥം കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുടരരുത് എന്നല്ല. തുടർ ഭരണം വന്നാൽ പാവപ്പെട്ട എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ലെന്നാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദൻ സൂചിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര് വർഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിർത്ത് പോകും. അതാണ് പാർട്ടി നിലപാട്. എല്ലാവരെയും ഉൾപ്പെടുത്തി ആണ് LDF പ്രവർത്തിക്കുന്നത്. മധ്യവർഗത്തെ മാത്രം പരിഗണിക്കുന്നു എന്ന സച്ചിദാനന്ദന്‍റെ വിമർശനത്തിനാണ് മറുപടി. വിമർശനത്തിൽ ഉൾകൊള്ളേണ്ടത് ഉൾകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽഡിഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ശൈലജ അവകാശപ്പെട്ടു.