നിയമവിരുദ്ധ ഉള്ളടക്കം നീക്കുന്നതിൽ പരാജയം; ഗൂഗിളിനും മെറ്റയ്ക്കും റഷ്യ പിഴയിട്ടു

 

മോസ്‌കോ: റഷ്യ നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതായി കാണിച്ച് ഗൂഗിളിനും ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ ‘മെറ്റ’യ്ക്കും മോസ്‌കോ കോടതി പിഴ ചുമത്തി . 9.8 കോടി ഡോളറാണ് (736 കോടി രൂപ) ഗൂഗിളിന് പിഴയിട്ടിരിക്കുന്നത്.

റഷ്യ ടെക് കമ്പനികൾക്ക് മേൽ സമ്മര്‍ദ്ദം കര്‍ശനമാക്കിയിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്റര്‍നെറ്റിന് മേല്‍ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റഷ്യയുടെ ശ്രമം വ്യക്തിസ്വാതന്ത്ര്യത്തിനും കോര്‍പറേറ്റ് സ്വാതന്ത്ര്യത്തിനും എതിരാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഈ നീക്കത്തിനെതിരെയുണ്ട്. കോടതിവിധി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് ഗൂഗിള്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്‌ഫോമിനും സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യ പിഴയിട്ടിരുന്നു. 2.7 കോടി ഡോളറാണ് (203 കോടി രൂപ) പിഴയിട്ടത്. റഷ്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന 2,000 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മയക്കുമരുന്ന് ഉപയോഗം, അപകടമായ വിനോദങ്ങള്‍, വീട്ടിലുണ്ടാക്കിയ ആയുധങ്ങളെയും സ്ഫോടക വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍, തീവ്രവാദികൾ , ഭീകരവാദ ഗ്രൂപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യാൻ റഷ്യ കമ്പനികളോട് ഉത്തരവിട്ടിട്ടുണ്ട്.