22-ാം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍; പ്രത്യേക ഡൂഡിൽ പുറത്തിറക്കി

ജന്മദിന സ്പെഷ്യൽ ഡൂഡിലുമായി ലോകത്തെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിൾ. ഗൂഗിളിന്റെ 22-ാമത് ജന്മദിനമാണിത്. 1998 സെപ്റ്റംബറിൽ പിഎച്ച്ഡി വിദ്യാർഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് അവർ പഠിച്ചിരുന്ന കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാല കാമ്പസിൽ ഉപയോഗിക്കുന്നതിനായി ഈ സെർച്ച് എഞ്ചിൻ ആരംഭിച്ചത്.

നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരിൽ ഒരു സെർച്ച് എഞ്ചിൻ അൽഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിൾ എന്ന് പേരിട്ടു. ഗണിത ശാസ്ത്ര പദമായ ഗൂഗോൾ (googol) എന്നതിൽ നിന്നാണ് ഗൂഗിൾ (google) എന്ന പേര് വന്നത്. ഒന്നിനെ തുടർന്ന് 100 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഗൂഗോൾ എന്നറിയപ്പെടുന്നത്. ഗൂഗോൾ എന്ന പേര് നൽകിയപ്പോൾ സംഭവിച്ച അക്ഷരത്തെറ്റാണ് ഗൂഗിൾ എന്നും കഥയുണ്ട്.

വേൾഡ് വൈഡ് വെബിന്റെ ശൈശവ കാലമായിരുന്നു അത്. ലോകത്ത് ലഭ്യമായ വിവരങ്ങൾ ആഗോള തലത്തിൽ ലഭ്യമാക്കുകയും ഉപകാരപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു പേജിനും ബ്രിന്നിനും ഉണ്ടായിരുന്നത്.

യാഹൂ, ആസ്ക് ജീവ്സ് തുടങ്ങിയ സെർച്ച് എഞ്ചിനുകളുമായി തുടക്കകാലത്ത് മത്സരിക്കേണ്ടി വന്നുവെങ്കിലും ലോകത്തെ ഏറ്റവും ജനപ്രിയമായ സെർച്ച് എഞ്ചിൻ എന്ന നിലയിലേക്ക് വളരാൻ ഗൂഗിളിന് ഇക്കാലം കൊണ്ട് സാധിച്ചു. ഓരോ സെക്കന്റിലും 63000 ൽ അധികം സെർച്ചുകൾ ഗൂഗിളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട.

ഈ ജനപ്രീതി കൊണ്ടു തന്നെയാണ് ഗൂഗിൾ എന്ന പദത്തിന്’ഓൺലൈനിൽ എന്തെങ്കിലും തിരയുക’ എന്ന അർത്ഥം കൽപിക്കപ്പെടുന്നത്. ‘ഗൂഗിൾ ചെയ്യുക’എന്ന പ്രയോഗം തന്നെ ആഗോള തലത്തിൽ പ്രചാരത്തിൽ വന്നു. ഓക്സഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും മെരിയം-വെബ്സ്റ്റർ നിഖണ്ടുവിലും ഗൂഗിൾ എന്ന പദത്തിന് ഇങ്ങനെ ഒരു അർഥം കൂടി ചേർത്തിട്ടുണ്ട്.