ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി

 

ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. നിരവധി പേരെ കാണാതായി.  ഏഥൻസിന് 180 കിലോമീറ്റർ തെക്കുകിഴക്കായി തെക്കൻ സൈക്ലേഡ്സിലെ ഫോലെഗാൻഡ്രോസ് ദ്വീപിന് സമീപത്താണ് അപകടം. 12 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇറാഖിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.

32 പേരുണ്ടായിരുന്നെന്നും ബോട്ടിലേക്ക് വെള്ളം കയറിയതാണ് അപകട കാരണമെന്നും രക്ഷപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. എന്നാൽ ബോട്ടിൽ 50 പേരുണ്ടായിരുന്നുവെന്ന് യാത്രക്കാരിലൊരാൾ മൊഴി നൽകി. അതേസമയം, ബോട്ടിന് എഞ്ചിൻ തകരാർ സംഭവിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി ഓപ്പറേഷൻ ആരംഭിച്ചതെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.