അതിശക്തമായ ഭൂചലനം; മരണസംഖ്യ ഉയരുന്നു: വ്യാപകനാശനഷ്ടം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 34 പേര്‍ മരണപ്പെടുകയും 600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മജെനെ നഗരത്തിന് വടക്കുകിഴക്കായാണ്. സംഭവത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അനുശോചനം രേഖപ്പെടുത്തി. ആളുകള്‍ ശാന്തത പാലിക്കണമെന്നും തിരയല്‍ ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെട്ടിടങ്ങള്‍ തകര്‍ന്നാണ് 34 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മജേന സിറ്റിയില്‍ എട്ട് പേരും മമൂജു സിറ്റിയില്‍ 26 പേരും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ഭൂചലനത്തെ തുടര്‍ന്ന് 15000ത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. മജേന നഗരത്തില്‍ ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ അടിയിലായി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളെല്ലാം പാടെ തകര്‍ന്നിരിക്കുകയാണ്.