സുമിയിലെ വിദ്യാർഥികൾ പോളണ്ടിലെത്തി; ഓപറേഷൻ ഗംഗ വിജയകരമായ പര്യവസാനത്തിലേക്ക്

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. ഇന്നലെ ലെവിവിൽ നിന്നും ട്രെയിനിലായിരുന്നു ഇവരെ പോളണ്ട് അതിർത്തിയിൽ എത്തിച്ചത്. 649 ഇന്ത്യൻ വിദ്യാർഥികളാണ് സംഘത്തിലുള്ളത്. ഇവരുടെ പാസ്‌പോർട്ട് പരിശോധന ട്രെയിനിൽ വെച്ച് നടന്നു.

സുമിയിൽ നിന്നും പോൾട്ടോവയിൽ എത്തിച്ച ശേഷമാണ് ട്രെയിൻ മാർഗം പോളണ്ട് അതിർത്തിയിൽ എത്തിച്ചത്. ഇവരെ തിരിച്ചെത്തിക്കുന്നതോടെ രാജ്യത്തിന്റെ യുക്രൈൻ രക്ഷാ ദൗത്യം പൂർത്തിയാകും. ഓപ്പറേഷൻ ഗംഗയിലുൾപ്പെട്ട അവസാന വിമാനം ഇന്ന് ന്യൂഡൽഹിയിൽ എത്തിച്ചേരും.

സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്തതോടെയാണ് ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്കും സാധാരണക്കാർക്കും രക്ഷപ്പെടാൻ സാഹചര്യമൊരുങ്ങിയത്. രക്ഷാദൗത്യത്തോടെ യുക്രൈനും റഷ്യയും സഹകരിച്ചു. ഏകദേശം എഴുന്നൂറോളം ഇന്ത്യൻ വിദ്യാർഥികളായിരുന്നു സുമിയിൽ കുടുങ്ങിക്കിടന്നിരുന്നത്.