കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്തും പുറത്തും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത് ഇരുമുന്നണികളിൽ നിന്നുമുള്ള രണ്ട് യുവ സ്ഥാനാർത്ഥികളാണു.
വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുഫീദ തസ്നിയും ജുനൈദ് കൈപ്പാണിയുമാണു ഈ യുവതാരങ്ങൾ. എൽ ഡി എഫിന്റെ ജനതാദൾ സ്ഥാനാർഥിയായ ജുനൈദ് വെള്ളമുണ്ടയിലും യു ഡി എഫിൽ നിന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ മുഫീദ പനമരം ഡിവിഷനിലുമാണു ജനവിധി തേടുന്നത്.
വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലെ മിന്നുന്ന നേതൃശോഭയിൽ നിന്നാണു ഇരുവരും പൊതുരംഗത്തേക്കെത്തുന്നത്. മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർഥി സംഘടനയായ
എം എസ് എഫ് ഹരിതയുടെ സംസ്ഥാന പ്രസിഡണ്ടാണു മുഫീദയെങ്കിൽ വിദ്യാർത്ഥി ജനതാദൾ മുൻ അഖിലേന്ത്യാ സെക്രട്ടറിയും യുവജനസേവാദൾ ദേശീയ പ്രസിഡന്റുമാണ് ജുനൈദ്. രാഷ്ട്രീയ രംഗത്തെ മികവിനൊപ്പം ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളും സാഹിത്യ സാംസ്കാരിക പശ്ചാത്തലങ്ങളും കൂടിച്ചേരുമ്പോൾ യുവാക്കളുടെ പ്രതീക്ഷയായി മാറുകയാണു ഇരുവരും. സോഷ്യൽ മീഡിയയിൽ ലഭിച്ച് വരുന്ന വർദ്ധിച്ച പിന്തുണ കുടിയാകുമ്പോൾ ജില്ലയ്ക്ക് പുറത്ത് നിന്നുപോലും ജുനൈദിന്റെയും മുഫീദയുടെയും മത്സരവിജയങ്ങളിലേക്ക് നിരവധി പേരാണു ഉറ്റുനോക്കുന്നത്.