സുൽത്താൻ ബത്തേരി : കൊവിഡ് പരിശോധനക്ക് വിധേയനാകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചയാൾ പരിശോധന ഭയന്നോടിയത് ആരോഗ്യവകുപ്പിനെ വട്ടം കറക്കി. ചീരാൽ സ്വദേശിയായ വയോധികനാണ് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടന്ന പുത്തൻ കുന്നിൽ നിന്ന് ഓടിപോയത്. നീണ്ട മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വകുപ്പ് ഇയാളെ ചീരാലിലെ വീട്ടിൽ നിന്നും പോലീസിന്റെ സഹായത്തോടെ പിടികൂടി എടക്കലിലെ ഇൻസ്റ്റിറ്റിയുഷൻ ക്വാറന്റെനിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള രണ്ട് പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചത്. പ്രൈമറി സമ്പർക്കമായതിനാൽ പുത്തൻ കുന്നിൽ വെച്ച് നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ പങ്കെടുക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയുണ്ടായി. പുത്തൻ കുന്നിലെ പരിശോധന കേന്ദ്രത്തിലെത്തിയ ഇയാൾ ആരോഗ്യ വകുപ്പിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ ബത്തേരി ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. പോലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് തെരച്ചിൽ ആരംഭിച്ചതോടെ പോലീസിനെ വെട്ടിച്ച് തിരികെ വീട്ടിലേക്ക് തന്നെ എത്തി.
ബത്തേരിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ വയോധികനെ ആരോഗ്യവകുപ്പും പോലീസും ചേർന്ന് പിടികൂടി ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റെനിലേക്ക് മാറ്റുകയുണ്ടായി. ഇന്നലെ സമയം കഴിഞ്ഞതിനാൽ ആന്റിജൻ ടെസ്റ്റ് നടത്താനായില്ല.
The Best Online Portal in Malayalam