കൽപ്പറ്റ: മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കാര്യങ്ങള്‍ക്കായി ജില്ലയില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ഇ പോസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര്‍ 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല. അതിനുപകരം ഈ പോസ് മെഷീന്‍ വഴി ഡിജിറ്റലായി ചെലാന്‍ തയ്യാറാക്കുകയും എ ടി എം കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ പിഴ അടക്കാനുള്ള സംവിധാനവുമാണ് നിലവില്‍ വന്നത്. ഇതിനായി ഇ-ചലാന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമ ലംഘനത്തിന് ചലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ തെളിവുകള്‍ക്കായി ആവശ്യമായ ഫോട്ടോകളും ഡ്രൈവറുടെയും ആവശ്യമെങ്കില്‍ മറ്റു രേഖകളുടെയും ഫോട്ടോയും ഇ ചലാനില്‍ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴ അടക്കുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി കേസ് ഇ- കോര്‍ട്ടിലേക്ക് അയക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇ ചലാന്‍ തയ്യാറാക്കി കഴിഞ്ഞാല്‍ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈല്‍ ഫോണിലേക്ക് പിഴ സംബന്ധിച്ചും പിഴ അടയ്‌ക്കേണ്ട ലിങ്ക് സംബന്ധിച്ചും സന്ദേശങ്ങള്‍ ലഭിക്കും. അതോടെപ്പം വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ലഭിക്കേണ്ട തുടര്‍ന്നുള്ള സര്‍വീസുകള്‍ പിഴ അടയ്ക്കുകയോ കേസ് തീര്‍പ്പാക്കുകയോ ചെയ്യുന്നതുവരെ താല്‍ക്കാലികമായി തടയപ്പെടുകയും ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹന നിയമവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രം വാഹനമോടിച്ച് ജനങ്ങള്‍ സഹകരിക്കണമെന്ന് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് എന്‍ തങ്കരാജന്‍ പറഞ്ഞു. കല്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. ആര്‍.ടി.ഒ. എസ്.മനോജ്, ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) എന്‍.തങ്കരാജന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനീഷ് പുതിയ വീട്ടില്‍, കെ.രാജീവന്‍, കെ.വി പ്രേമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
The Best Online Portal in Malayalam