മുട്ടിൽ: കാട്ടുപന്നിയുടെ അക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. മുട്ടിൽ കുട്ടമംഗലം സ്വദേശിയായ വിളഞ്ഞിപ്പിലാക്കൽ യൂനസ്( 46)നാണ് ആക്രമത്തിൽ പരിക്കേറ്റത്. കൈകൾക്കും കാലുകൾക്കും തലക്കുമാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വീടിനടുത്തുള്ള പഴശ്ശി കോളനിക്ക് സമീപം കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാനായി യൂനസും 2 സുഹൃത്തുക്കളും പോയി തിരിച്ചുവരുന്ന വഴിക്ക് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടില്ല. ഇവർ ശബ്ദമുണ്ടാക്കിയതിനെത്തുടർന്നാണ് പ്രദേശവാസികൾ സംഭവമറിഞ്ഞത്. പിന്നീട് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പന്നി ശല്യവും കുരങ്ങ് ശല്യവും രൂക്ഷമാണെന്നും കൃഷികളെല്ലാം നശിപ്പിക്കലുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഫോറസ്റ്റിൽ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തുകയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ടെന്ന് യൂനസ് പറഞ്ഞു.