ബത്തേരി: വനത്തില്‍ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നമ്പികൊല്ലി ചേരംകൊല്ലി വള്ളിക്കാട്ടില്‍ പ്രിൻസിക്കാണ് (34) പരിക്കേറ്റത്. പന്നിയുടെ ആക്രമണത്തില്‍ ഇടതുകാലിന് പൊട്ടല്‍ സംഭവിച്ച ഇവര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.45ലോടെയാണ് പഴൂരില്‍ വനത്തില്‍ വെച്ച് ചേരംകൊല്ലി വള്ളിക്കാട്ടില്‍ സാബുവിന്റെ ഭാര്യ പ്രിന്‍സിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വനഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് പാഞ്ഞടുത്ത കാട്ടുപന്നി ഇവരെ ആക്രമിച്ചത്.നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവര്‍ക്ക് ചികില്‍സ ചെലവ് പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തില്‍ വനംവകുപ്പ്, പഞ്ചായത്ത് എന്നിവരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്. ഒന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്നതാണ് പ്രിന്‍സിയുടെ കുടുംബം.